വേൾഡ് കപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന അർജന്റീനക്ക് മുന്നറിയിപ്പുമായി സെർജിയോ അഗ്വേറോ.

വേൾഡ് കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത 5 ഗോളുകൾക്കാണ് അർജന്റീന UAE യെ പരാജയപ്പെടുത്തിയത്. ഇനി വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ. നവംബർ 22 ആം തീയതിയാണ് അർജന്റീന ആദ്യ മത്സരം കളിക്കുക.

ഈ മത്സരത്തിന് ഒരുങ്ങുന്ന അർജന്റീനയുടെ ദേശീയ ടീമിന് മുൻ സൂപ്പർ താരമായ സെർജിയോ അഗ്വേറോ ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് വേൾഡ് കപ്പിലെ ആദ്യമത്സരം എപ്പോഴും ബുദ്ധിമുട്ടുള്ളതായിരിക്കും എന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്. 2014 ൽ അർജന്റീനക്ക് ഇത്തരത്തിലുള്ള ഒരു അനുഭവമുണ്ടെന്നും അഗ്വേറോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വേൾഡ് കപ്പിലെ ആദ്യ മത്സരം ആയിരിക്കും എപ്പോഴും സങ്കീർണമായ മത്സരം.വളരെ എളുപ്പത്തിൽ വിജയിക്കാമെന്ന് ആളുകൾ പലപ്പോഴും ധരിക്കും.എന്നാൽ അങ്ങനെയായിരിക്കില്ല. 2014 ലെ വേൾഡ് കപ്പിൽ ഞങ്ങൾക്ക് അനുഭവമുണ്ട്. ഗ്രൂപ്പ് ഘട്ടം വളരെ എളുപ്പമാകും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. പക്ഷേ അന്ന് ഇറാനെതിരെ ഞങ്ങൾ പൊരുതി കൊണ്ടാണ് വിജയിച്ചത്. ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ വേണ്ടി സൗദി അറേബ്യക്കെതിരെ വിജയം നേടൽ വളരെ അനിവാര്യമായ ഒരു കാര്യമാണ് ” ഇതാണ് സെർജിയോ അഗ്വേറോ പറഞ്ഞിട്ടുള്ളത്.

അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇത്തവണ ഗ്രൂപ്പ് ഘട്ടം എളുപ്പമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദി അറേബ്യക്ക് പുറമേ പോളണ്ട്, മെക്സിക്കോ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *