വേൾഡ് കപ്പിലെ അർജന്റീനയുടെ മിന്നും താരത്തെ സ്വന്തമാക്കണം,ബാഴ്സയും റയലും രംഗത്ത്!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ മിഡ്ഫീൽഡറായ എൻസോ ഫെർണാണ്ടസിന് സാധിച്ചിരുന്നു. വേൾഡ് കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം അദ്ദേഹമായിരുന്നു കരസ്ഥമാക്കിയിരുന്നത്.ഇതോടുകൂടി അദ്ദേഹത്തിന്റെ മൂല്യം വർധിക്കുകയും നിരവധി ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി മുന്നോട്ടു വരികയും ചെയ്തിരുന്നു.

ഈയിടെ ചെൽസി താരത്തിന് വേണ്ടി പരമാവധി ശ്രമിച്ചിരുന്നു. 73 മില്യൺ യൂറോയുടെ ഒരു ഓഫർ വരെ ചെൽസി താരത്തിന്റെ ക്ലബ്ബായ ബെൻഫികക്ക് നൽകിയിരുന്നു. പക്ഷേ 120 മില്യൺ യൂറോ ലഭിക്കാതെ താരത്തെ കൈവിടില്ല എന്നായിരുന്നു ക്ലബ്ബിന്റെ നിലപാട്. അങ്ങനെ എൻസോ ഫെർണാണ്ടസിന് ബെൻഫിക്കയിൽ തന്നെ തുടരേണ്ടി വരികയായിരുന്നു.

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ഇപ്പോൾ എഫ് സി ബാഴ്സലോണക്കും താല്പര്യമുണ്ട്. ബാഴ്സയുടെ വെറ്ററൻ താരമായ സെർജിയോ ബുസ്ക്കെറ്റ്സ് വരുന്ന സമ്മറിൽ ക്ലബ്ബ് വിട്ടേക്കും.ആ സ്ഥാനത്തേക്കാണ് ഇപ്പോൾ എൻസോയെ പരിഗണിക്കുന്നത്. കൂടാതെ റയൽ സോസിഡാഡിന്റെ സുബിമെന്റിയെയും ബാഴ്സ പരിഗണിക്കുന്നുണ്ട്.പക്ഷേ ബാഴ്സയുടെ സാമ്പത്തികം ഒരു പ്രശ്നമാണ്. 120 മില്യൺ യൂറോ എന്ന റിലീസ് ക്ലോസ് ഒന്നും എൻസോക്ക് വേണ്ടി നൽകാൻ നിലവിലെ അവസ്ഥയിൽ ബാഴ്സക്ക് സാധിക്കില്ല.

റയൽ മാഡ്രിഡും ഇപ്പോൾ എൻസോയെ പരിഗണിക്കുന്നുണ്ട്.ജൂഡ് ബെല്ലിങ്‌ഹാമിനെയും റയൽ ലക്ഷ്യം വെക്കുന്നുണ്ട്. അതേസമയം അർജന്റീന താരത്തെ കൈവിടാൻ ചെൽസി ഒരുക്കമല്ല. അടുത്ത സമ്മറിൽ ചെൽസി വീണ്ടും ശ്രമങ്ങൾ നടത്തിയേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. വേൾഡ് കപ്പ് അവസാനിച്ചതിനുശേഷം ക്ലബ്ബിൽ തിരികെ എത്തിയ എൻസോ ഇപ്പോഴും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *