വേൾഡ് കപ്പിന് ആരൊക്കെ യോഗ്യത നേടി? ഗ്രൂപ്പ് നറുക്കെടുപ്പ് എന്ന്? അറിയേണ്ടതെല്ലാം!
ഈ വരുന്ന വേൾഡ് കപ്പിനുള്ള യോഗ്യത മത്സങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്.പ്രമുഖരെല്ലാം തന്നെ ഇത്തവണത്തെ വേൾഡ് കപ്പിന് സ്ഥാനമുറപ്പിച്ചിട്ടുണ്ട്.എന്നാൽ യൂറോപ്യൻ വമ്പൻമാരായ ഇറ്റലി,പോർച്ചുഗൽ എന്നിവർക്ക് യോഗ്യത ലഭിച്ചിട്ടില്ല.ഇനി പ്ലേ ഓഫ് മത്സരങ്ങൾ മാത്രമാണ് ഇവർക്ക് അവശേഷിക്കുന്നത്.രണ്ടിലൊരു ടീം വേൾഡ് കപ്പിന് ഉണ്ടാവില്ല എന്നുള്ളത് ഫുട്ബോൾ ആരാധകർക്ക് നിരാശ പകരുന്ന ഒരു കാര്യമാണ്.
ഇതുവരെ പതിനഞ്ച് ടീമുകളാണ് വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുള്ളത്. ആതിഥേയർ എന്ന നിലയിൽ ഖത്തറാണ് വേൾഡ് കപ്പിന് ആദ്യം യോഗ്യത നേടിയ ടീം.യൂറോപ്പിൽ നിന്ന് ജർമ്മനി, ഡെൻമാർക്ക്,ബെൽജിയം,ഫ്രാൻസ്,ക്രൊയേഷ്യ, സ്പെയിൻ, സെർബിയ,ഇംഗ്ലണ്ട്, സ്വിറ്റ്സർലാൻഡ്, നെതർലാൻഡ്സ് എന്നിവരാണ് യോഗ്യത നേടിയിട്ടുള്ളത്.മാർച്ച് 29-ആം തിയ്യതിയോട് കൂടി യൂറോപ്പിലെ പ്ലേ ഓഫ് മത്സരങ്ങൾ പൂർത്തിയാവും.
— Murshid Ramankulam (@Mohamme71783726) February 2, 2022
ലാറ്റിനമേരിക്കയിൽ നിന്ന് അർജന്റീനയും ബ്രസീലുമാണ് യോഗ്യത നേടിയിട്ടുള്ളത്.ഏഷ്യയിൽ നിന്നും ഇറാനും സൗത്ത് കൊറിയയും യോഗ്യത നേടിയിട്ടുണ്ട്.ബാക്കിയുള്ള ഭൂഖണ്ഡങ്ങളിൽ നിന്നുള്ള രാജ്യങ്ങൾ ഇതുവരെ വേൾഡ് കപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടില്ല.
ക്വാളിഫൈ മത്സരങ്ങൾ കളിച്ചുകൊണ്ട് ആദ്യമായി യോഗ്യത നേടിയ ടീം ജർമ്മനിയാണ്. പിന്നീട് ഡെന്മാർക്കാണ് ടിക്കറ്റ് ഉറപ്പിച്ചത്.ലാറ്റിനമേരിക്കയിൽ നിന്നും ആദ്യമായി യോഗ്യത നേടിയത് ബ്രസീലാണ്.
ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ വെച്ചാണ് വേൾഡ് കപ്പ് അരങ്ങേറുക.ആകെ 32 ടീമുകളാണ് പങ്കെടുക്കുക.നാല് ടീമുകൾ ഉള്ള എട്ട് ഗ്രൂപ്പുകളായിട്ടാണ് തരംതിരിക്കുക.ഈ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് ദോഹയിൽ വെച്ചാണ് അരങ്ങേറുക.