വേൾഡ് കപ്പിനുള്ള ബ്രസീൽ ടീം ഇന്ന് പ്രഖ്യാപിക്കും, സൂപ്പർ താരം പുറത്തേക്ക്!

ഖത്തർ വേൾഡ് കപ്പിന് ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വേൾഡ് കപ്പിനുള്ള അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള തീയതി അടുത്തുവരികയാണ്. ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ഇന്നാണ് സ്‌ക്വാഡ് പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബ്രസീലിയൻ സമയം ഉച്ചക്ക് ഒരു മണിക്കാണ് ഈ സ്‌ക്വാഡ് പ്രഖ്യാപനം ഉണ്ടാവുക.

അതായത് ഇന്ത്യൻ സമയം രാത്രി 9:30നാണ് സ്‌ക്വാഡ് പ്രഖ്യാപിക്കുക.ഈ സ്‌ക്വാഡുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകളെല്ലാം ബ്രസീലിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.അന്തിമ ലിസ്റ്റിൽ 26 താരങ്ങളെയാണ് വേൾഡ് കപ്പിന് വേണ്ടി കൊണ്ടുപോകാൻ സാധിക്കുക.അതിൽ 24 താരങ്ങളെയും ഇതിനോടകം തന്നെ ടിറ്റെ തീരുമാനിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇനി രണ്ട് സ്പോട്ടുകളാണ് അവശേഷിക്കുന്നത്. ആ സ്പോട്ടുകൾക്ക് വേണ്ടി മൂന്ന് താരങ്ങളാണ് ഉള്ളത്.ഡാനി ആൽവസ്,ബ്രമർ,ലുകാസ് വെരിസിമോ എന്നിവരാണ് ഈ സ്ഥാനങ്ങൾക്ക് വേണ്ടി പോരാടുന്നത്. പ്രായാധിക്യം കാരണവും ഫിറ്റ്നസ് സംബന്ധമായ കാരണങ്ങളാലും ഡാനി ആൽവസിന് സ്‌ക്വാഡിൽ ഇടം നേടാൻ കഴിഞ്ഞേക്കില്ല എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നുണ്ട്.

എന്നാൽ അതിനേക്കാളുമൊക്കെ ബ്രസീൽ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് സൂപ്പർ താരം ഫിലിപ്പെ കൂട്ടിഞ്ഞോയുടെ അഭാവമാണ്.പരിക്ക് മൂലം താരത്തിന് 6 ആഴ്ച്ചയോളം പുറത്തിരിക്കേണ്ടി വരും എന്നുള്ളത് അദ്ദേഹത്തിന്റെ ക്ലബ്ബ് സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫിലിപ്പെ കൂട്ടിഞ്ഞോക്ക് വേൾഡ് കപ്പിനുള്ള സ്‌ക്വാഡിൽ ഇടമുണ്ടാവില്ല എന്നുള്ളത് 100% ഉറപ്പായ കാര്യമാണ്.

സമീപകാലത്ത് വേണ്ടത്ര ഫോമിലേക്ക് ഉയരാൻ കഴിയാത്ത ഒരു താരം കൂടിയാണ് കൂട്ടിഞ്ഞോ. താരത്തിന്റെ അഭാവത്തിലും താരസമ്പന്നമായ ഒരു സ്‌ക്വാഡിനെ തന്നെയാണ് ടിറ്റെ ഇന്ന് പ്രഖ്യാപിക്കുക എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *