വില്യനെ നെയ്മറുമായി താരതമ്യം ചെയ്യുന്നത് ശരിയാണോ? ഡൊറിവാൽ പറയുന്നു!

ബ്രസീലിയൻ യുവ പ്രതിഭയായ എസ്റ്റവായോ വില്യൻ സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.കേവലം 17 വയസ്സ് മാത്രമുള്ള ഈ താരം ബ്രസീലിന്റെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്. ബ്രസീൽ ടീമിലേക്ക് വിളി വന്നതിനു ശേഷം പാൽമിറാസിന് വേണ്ടി രണ്ടു മത്സരങ്ങളാണ് വില്യൻ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 3 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. അത്രയും മികച്ച ഫോമിലാണ് വില്യൻ ഉള്ളത്.

ബ്രസീലിയൻ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,ഫിലിപ്പെ കൂട്ടിഞ്ഞോ എന്നിവരുമായൊക്കെ പലരും വില്യൻ താരതമ്യം ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. നെയ്മർക്കും കൂട്ടിഞ്ഞോക്കുമൊക്കെ ലഭിച്ചതുപോലെ ഒരു മികച്ച കരിയർ വില്യനും ലഭിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നാണ് ഡൊറിവാൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെ അപൂർവമായി മാത്രമാണ് ഞാൻ താരതമ്യങ്ങൾ ചെയ്യാറുള്ളൂ. ഇപ്പോൾ പലരും വില്യനെ നെയ്മറുമായും കൂട്ടിഞ്ഞോയുമായുമൊക്കെ താരതമ്യം ചെയ്യുന്നുണ്ട്.അവർക്കെല്ലാവർക്കും തന്നെ അവരുടേതായ ചില സവിശേഷതകൾ ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നെയ്മർ എന്ന താരം എന്നെ സംബന്ധിച്ചിടത്തോളം തീർത്തും വ്യത്യസ്തനാണ്.എസ്റ്റവായോ വില്യനിൽ ഒരുപാട് കോളിറ്റികൾ ഞാൻ കാണുന്നുണ്ട്. എല്ലാവരും ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് വില്യൻ. നല്ല ഒരു പ്രൊഫഷണലാണ്,ഒരുപാട് താൽപര്യം കാണിക്കുന്നു,എപ്പോഴും തന്റെ മിസ്റ്റേക്കുകൾ പരിഹരിക്കാൻ ശ്രമിക്കുന്നവനാണ്. ഒരുപാട് ക്വാളിറ്റിയും ടെക്നിക്കൽ എബിലിറ്റിയും അദ്ദേഹത്തിനുണ്ട്.വളരെ സ്വാഭാവികമായ രീതിയിലാണ് അദ്ദേഹം പ്രൊഫഷണലിസം കാണിക്കുന്നത്. എല്ലാ മേഖലയിലും വികാസം പ്രാപിക്കാൻ അദ്ദേഹത്തിന് കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.നെയ്മർ,കൂട്ടിഞ്ഞോ എന്നിവരെപ്പോലെ മികച്ച ഒരു കരിയർ ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ‘ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നാളത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ വില്യൻ ഉണ്ടാവാൻ സാധ്യതയില്ല. അതേസമയം പകരക്കാരനായി കൊണ്ട് അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റൈറ്റ് വിങ്ങറായി കൊണ്ടാണ് താരം പ്രധാനമായും കളിക്കാറുള്ളത്. നമ്പർ ടെൻ റോളിലും തിളങ്ങാൻ കഴിയുന്ന താരം കൂടിയാണ് വില്യൻ.

Leave a Reply

Your email address will not be published. Required fields are marked *