വിരമിച്ചു തിരിച്ചു വന്ന പ്രമുഖരുടെ കൂട്ടത്തിലേക്ക് ഇനി ആര്യൻ റോബനും

വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു കളിക്കളത്തിലേക്ക് തിരിച്ചു വന്ന പ്രമുഖരുടെ പട്ടികയിൽ ഇനി ആര്യൻ റോബനും. കഴിഞ്ഞ ദിവസമാണ് വിരമിക്കൽ പിൻവലിച്ചു കളിക്കളത്തിലേക്ക് തിരിച്ചു വരുന്ന കാര്യം താരം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ വർഷം ജൂലൈ നാലിനായിരുന്നു താരം ഔദ്യോഗികമായി ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നത്. മുപ്പത്തിയാറുകാരനായ താരം പത്ത് വർഷത്തെ ബയേൺ കരിയറിന് വിരാമമിട്ട് കഴിഞ്ഞ സീസണിന്റെ അവസാനത്തോടെയായിരുന്നു. എന്നാൽ ഒരു വർഷം തികയും മുൻപ് തിരിച്ചു വരുന്ന കാര്യം താരം തന്നെ അറിയിക്കുകയായിരുന്നു. തന്റെ ബാല്യകാലത്തെ ക്ലബ് ആയിരുന്ന എഫ്സി ഗ്രോനിങ്കന് വേണ്ടിയാണ് താരം ഇനി കളിക്കുക. താരത്തെ സൈൻ ചെയ്തതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

2020-21 സീസണിൽ തങ്ങൾക്ക് വേണ്ടി റോബൻ ബൂട്ടണിയുമെന്ന് ക്ലബ് അറിയിച്ചു. താരത്തിന്റെ പതിനാറാം വയസ്സിൽ റോബൻ അരങ്ങേറ്റം കുറിച്ച ക്ലബ് ആണ് എഫ്സി ഗ്രോനിങ്കൻ. നീണ്ട പതിനെട്ട് വർഷത്തെ യാത്രക്ക് ശേഷം ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി എന്നാണ് റോബൻ ഇതിനെ കുറിച്ച് പറഞ്ഞത്. 2000 മുതൽ 2002 സീസൺ വരെ ഗ്രോനിങ്കന് വേണ്ടി 52 മത്സരങ്ങൾ കളിച്ച താരം പിന്നീട് പിഎസ്വി ഐന്തോവൻ, റയൽ മാഡ്രിഡ്‌, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് വീണ്ടും തിരികെ എത്തുന്നത്. താരത്തിന്റെ വരവ് ക്ലബിന് മൂതൽകൂട്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് പ്രതിസന്ധി മൂലം ഡച്ച് ലീഗ് ഉപേക്ഷിച്ചിരുന്നു. അതോടെ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ക്ലബിന് സാധിച്ചിരുന്നൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *