വിമർശനങ്ങളേറ്റ് വരാനെ, തിരിച്ചടിച്ച് ഫ്രഞ്ച് പരിശീലകൻ !

കഴിഞ്ഞ മത്സരത്തിൽ വലൻസിയയോട് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ തകർന്നടിഞ്ഞത്. മത്സരത്തിൽ ഒരു ഗോൾ പ്രതിരോധനിരതാരം റാഫേൽ വരാനെയുടെ സെൽഫ് ഗോളായിരുന്നു. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ താരം നടത്തിയ രണ്ട് പിഴവുകളുടെ ഫലമായിരുന്നു റയൽ രണ്ട് ഗോളുകൾ വഴങ്ങിയത്. അതിന് ശേഷം ഈ സീസണിൽ റയൽ മാഡ്രിഡ്‌ ഡിഫൻസ് പലപ്പോഴായി ഗോൾ വഴങ്ങിയിരുന്നു. പ്രത്യേകിച്ച് റാമോസിന്റെ അഭാവത്തിൽ റയൽ മാഡ്രിഡ്‌ പ്രതിരോധം അമ്പേ പരാജയമാവുകയായിരുന്നു. ഇതിനോടൊപ്പം തന്നെ വരാനെയും മോശം പ്രകടനമാണ് കാഴ്ച്ചവെക്കാറുള്ളത്. ഇതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു വരാനെക്ക്‌ നേരിടേണ്ടി വന്നത്.എന്നാലിപ്പോൾ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാപ്സ്. ഫിൻലാന്റിനെതിരെയുള്ള സൗഹൃദമത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഫ്രഞ്ച് പരിശീലകൻ.

” എല്ലാ താരങ്ങൾക്കും മോശമായ മത്സരങ്ങളുണ്ടാവും. അവർ ഓരോ മൂന്ന് ദിവസത്തിനിടയിലും ഒരു മത്സരം കളിക്കുന്നുണ്ട്. പക്ഷെ എനിക്കറിയാം റാഫേൽ വരാനെക്ക്‌ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന്. അവസാനമത്സരത്തിൽ കാര്യങ്ങൾ മോശമായാണ് സംഭവിച്ചത്.അവർക്ക് ആവിശ്യമായ വിശ്രമങ്ങൾ ലഭിക്കുന്നില്ല എന്നുള്ളത് നമ്മൾ മറക്കുന്നു. നമ്മൾ തീർച്ചയായും അവർക്ക് ആവിശ്യമായ സമയം അനുവദിക്കണം. തുടർച്ചയായ മത്സരങ്ങളാണ് അവർക്ക് പരിക്കേൽക്കാനും മത്സരത്തിലെ തീവ്രത കുറക്കാനും കാരണമാവുന്നത് ” ഫ്രഞ്ച് പരിശീലകൻ പറഞ്ഞു. ഈ മാസം യുവേഫ നേഷൻസ് ലീഗിൽ രണ്ട് മത്സരങ്ങളാണ് ഫ്രാൻസ് കളിക്കുന്നത്. പോർച്ചുഗൽ, സ്വീഡൻ എന്നിവർക്കെതിരെയാണ് ഫ്രാൻസ് മത്സരങ്ങൾ കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *