വിമാനത്തിലിരിക്കെ ബ്രസീലിയൻ ടീമിലേക്ക് വിളിവന്നു, സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു, ഗൽഹാർഡോയുടെ വെളിപ്പെടുത്തൽ !

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ബ്രസീലിയൻ താരം പെഡ്രോക്ക്‌ പരിക്കേറ്റിരുന്നു. തുടർന്ന് ഉറുഗ്വക്കെതിരെയുള്ള സ്‌ക്വാഡിൽ നിന്നും പെഡ്രോയെ ടിറ്റെ നീക്കം ചെയ്തിരുന്നു. പകരമായി ഇന്റർനാസിയോണലിന്റെ സ്‌ട്രൈക്കർ ഗൽഹാർഡോയെ ബ്രസീൽ ടീമിലേക്ക് വിളിക്കുകയായിരുന്നു. മുപ്പത്തിയൊന്നുകാരനായ താരം ഇതാദ്യമായിട്ടാണ് ബ്രസീൽ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. സാന്റോസിനെതിരെ നടന്ന മത്സരത്തിൽ പരാജയം രുചിച്ചതിന് ശേഷം ടീം അംഗങ്ങളോടൊപ്പം വിമാനത്തിൽ മടങ്ങാനിരിക്കെയാണ് ബ്രസീലിയൻ ടീമിൽ നിന്നും താരത്തിന് വിളി വരുന്നത്. ഇന്റർ ഡയറക്ടർ മുഖേനയാണ് താരത്തിന് വിളി വന്നത്. തുടർന്ന് ടീം അംഗങ്ങൾ എല്ലാവരും തന്നെ അഭിനന്ദിക്കുകയും സന്തോഷം കൊണ്ട് താൻ കണ്ണീർപൊഴിക്കുകയും ചെയ്തുവെന്നാണ് ഗൽഹാർഡോയുടെ വെളിപ്പെടുത്തൽ.

” ഇന്റർ ഡയറക്ടറായ റോഡ്രിഗോ എന്നെ വിളിച്ചു പറഞ്ഞു. ബ്രസീലിയൻ ടീമിലേക്ക് പൊക്കോളൂ. ജൂനിഞ്ഞോ പൗളിസ്റ്റോക്ക്‌ നിന്നോട് സംസാരിക്കാനുണ്ട്. ഞാൻ ഫോൺ എടുത്തു. എന്നെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയതായി ജൂനിഞ്ഞോ അറിയിച്ചു. ഞാനപ്പോൾ വിമാനത്തിലായിരുന്നു. വിമാനം പറക്കാനുള്ള ഒരുക്കത്തിലാണ്. എന്നെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയ വാർത്ത കേട്ടപ്പോൾ എല്ലാവരും കയ്യടിച്ചു. അതൊരു വൈകാരികമായ രംഗമായിരുന്നു. എനിക്ക് അതിനെ കുറിച്ച് പറയാൻ വാക്കുകൾ ലഭിക്കുന്നില്ല.ഞാനപ്പോൾ സന്തോഷം കൊണ്ട് കണ്ണീർ പൊഴിച്ചു. ഞാൻ എന്റെ ഫാമിലിയോടും സുഹൃത്തുക്കളോടും ഭ്രാന്തമായ രീതിയിലാണ് സംസാരിച്ചത്.എന്റെ ഒരു സ്വപ്നമാണ് പൂവണിഞ്ഞത്. 220 മില്യൺ ജനങ്ങളെ പ്രതിനിധീകരിക്കുക എന്നുള്ളത് വലിയോരു ആദരവാണ് ” ഗൽഹാർഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *