വിനീഷ്യസ് ഒരു മോശം വ്യക്തിയല്ല, കളത്തിന് പുറത്ത് വ്യത്യസ്തനാണ്: റാഫീഞ്ഞ
ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ഇത്തവണ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാര സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാൾ വിനീഷ്യസ് ജൂനിയറാണ്. എന്നാൽ കളിക്കളത്തിലെ സ്വഭാവത്തിന്റെ പേരിൽ പലപ്പോഴും വിനിക്ക് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. എതിർ താരങ്ങളെയും എതിർ ആരാധകരെയും പലപ്പോഴും പ്രകോപിപ്പിക്കുന്ന താരം കൂടിയാണ് വിനീഷ്യസ് ജൂനിയർ.
താരത്തിന്റെ ഈ അഗ്രസീവായ സ്വഭാവത്തിനെതിരെ വിമർശനങ്ങൾ ഏറെയാണ്. എന്നാൽ വിനിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സലോണയുടെ ബ്രസീലിയൻ താരമായ റാഫീഞ്ഞ.വിനീഷ്യസ് ഒരിക്കലും ഒരു മോശം വ്യക്തിയല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. കളത്തിനകത്തും പുറത്തും വിനി വളരെ വ്യത്യസ്തനായ ഒരു വ്യക്തിയാണെന്നും റാഫീഞ്ഞ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മത്സരത്തിലെ വിനീഷ്യസും വിനീഷ്യസ് എന്ന വ്യക്തിയും കമ്പ്ലീറ്റ് ഡിഫറെന്റ് ആണ്.വിനീഷ്യസെന്ന വ്യക്തിയെ പരിചയപ്പെടുമ്പോഴാണ് അത് മനസ്സിലാവുക. കളിക്കളത്തിനകത്തും പുറത്തും വ്യത്യസ്ത സ്വഭാവങ്ങളുള്ള ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്.അത് ഫുട്ബോളിൽ സാധാരണമായ ഒരു കാര്യമാണ്.വിനീഷ്യസ് ഒരു മോശം വ്യക്തിയല്ല. ഞാൻ ഒരുപാട് ആളുകളോട് അത് വിശദീകരിക്കാറുണ്ട്. അദ്ദേഹം അസാധാരണമായ ഒരു വ്യക്തിയാണ്.എന്നെക്കാൾ പ്രായം കുറഞ്ഞ താരമാണ് അദ്ദേഹം. പക്ഷേ ദേശീയ ടീമിൽ എത്തുന്ന സമയത്ത് ഒരുപാട് എന്നെ സഹായിക്കാറുണ്ട്.കളിക്കളത്തിൽ അനാവശ്യ കാര്യങ്ങൾ ചെയ്യേണ്ടതില്ല എന്നുള്ളത് ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്.പക്ഷേ അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്.ഓരോ ആളുകൾക്കും വ്യത്യസ്തമായ വ്യക്തിത്വങ്ങൾ ആണല്ലോ ഉണ്ടാവുക. ഉദാഹരണത്തിന് ഗാവി കളിക്കളത്തിൽ വ്യത്യസ്തനായ ഒരു താരമല്ലേ. അങ്ങനെ ഓരോരുത്തരും കളത്തിൽ വ്യത്യസ്തമായിരിക്കും ” ഇതാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.
ഇത്തവണത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ ഇടം നേടാൻ റാഫീഞ്ഞക്ക് കഴിഞ്ഞിട്ടില്ല.ഒരു മത്സരത്തിൽ നിന്നും അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ തൊട്ടടുത്ത മത്സരത്തിലേക്ക് മാത്രമായി അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തേണ്ട എന്ന് പരിശീലകൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ബാഴ്സലോണക്ക് വേണ്ടി ഗംഭീര പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്.