വിനീഷ്യസിനോട് കാണിച്ചത് കടുത്ത അനീതി: തുറന്ന് പറഞ്ഞ് ബ്രസീൽ കോച്ച്
ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ലഭിക്കുമെന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കപ്പെട്ടിരുന്നത് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്കായിരുന്നു.എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രിയാണ് ഇത് സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ വലിയ കോലാഹലങ്ങൾ അരങ്ങേറിയിരുന്നു.ബാലൺഡി’ഓർ നഷ്ടപ്പെട്ടതിൽ വിനീഷ്യസ് കടുത്ത നിരാശനാണ്. പലരും അദ്ദേഹത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
ഇപ്പോഴിതാ ബ്രസീലിയൻ പരിശീലകനായ ഡൊറിവാൽ ജൂനിയറും വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. താരത്തോട് കാണിച്ചത് കടുത്ത അനീതിയാണ് എന്നാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്. പക്ഷേ ആളുകളിൽ നിന്നും ലഭിക്കുന്ന അഭിനന്ദനങ്ങളാണ് താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമെന്നും ബ്രസീൽ പരിശീലകൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘എന്റെ അഭിപ്രായത്തിൽ അദ്ദേഹത്തോട് കാണിച്ചത് നീതികേടാണ്. കാരണം ഇതൊരു വ്യക്തിഗത അവാർഡ് ആണ്.ആ അവാർഡ് നേടിയ വ്യക്തിയോട് വിരോധമൊന്നുമില്ല. സ്പാനിഷ് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. പക്ഷേ വിനീഷ്യസ് ചെയ്ത കാര്യങ്ങൾ നോക്കുമ്പോൾ അദ്ദേഹം അർഹിച്ചിരുന്നു. എന്നാൽ വിനീഷ്യസ് നേടിയ ഏറ്റവും വലിയ പുരസ്കാരം ആളുകളിൽ നിന്നുള്ള അഭിനന്ദനങ്ങളും അംഗീകാരങ്ങളുമാണ്.വിനീഷ്യസാണ് പുരസ്കാരം അർഹിച്ചതെന്നും നടന്നത് തികഞ്ഞ നീതികേടാണ് എന്നും ഭൂരിഭാഗം വരുന്ന ബ്രസീലിയൻ ആരാധകരും മനസ്സിലാക്കിയിട്ടുണ്ട് “ഇതാണ് ബ്രസീലിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ബ്രസീൽ കളിക്കുന്നുണ്ട്.വെനിസ്വേലയും ഉറുഗ്വയുമാണ് ബ്രസീലിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം നേടാൻ വിനീഷ്യസിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ തവണ പരിക്ക് കാരണം അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായിരുന്നു.