വിനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ശക്തമായ നടപടികൾ എടുക്കും : ഡൊറിവാൽ ജൂനിയർ!
ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർക്ക് വളരെ മോശമായ രീതിയിലുള്ള വംശീയ അധിക്ഷേപങ്ങളാണ് സ്പെയിനിൽ നേരിടേണ്ടി വരുന്നത്.ഈയിടെ അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരും മറ്റു ചില എതിർ ആരാധകരും വിനീഷ്യസിനെ വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയാക്കിയിരുന്നു.ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇത് തുടരുന്നു എന്നുള്ളത് ദൗർഭാഗ്യകരമായ കാര്യമാണ്. ബ്രസീലും സ്പെയിനും തമ്മിൽ സൗഹൃദ മത്സരം കളിക്കുന്നത് പോലും റേസിസത്തിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി കൊണ്ടാണ്.
നേരത്തെ ലാലിഗ ഇത്തരക്കാർക്കെതിരെ നടപടികൾ എടുത്തിരുന്നെങ്കിൽ ഈ റേസിസം കുറക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഇതേക്കുറിച്ച് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയറോട് ചോദിക്കപ്പെട്ടിരുന്നു.വിനീഷ്യസിന് ഇത്തരത്തിലുള്ള എന്തെങ്കിലും മത്സരത്തിനിടയിൽ സംഭവിച്ചാൽ ശക്തമായ നടപടികൾ തങ്ങൾ കൈക്കൊള്ളും എന്നാണ് ഈ ബ്രസീലിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Vinicius getting the love that he deserves from the fans! 🇧🇷❤️ pic.twitter.com/SGf3P6FqE4
— RMFC (@TeamRMFC) March 20, 2024
” തീർച്ചയായും വംശീയമായ അധിക്ഷേപങ്ങൾ നടത്തുന്നവർക്കെതിരെ കൃത്യമായ നടപടികൾ വേണം. ഇനി വിനീഷ്യസിനെതിരെ എന്തെങ്കിലും ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ ഉണ്ടായാൽ ഞങ്ങൾ ശക്തമായ നടപടികൾ കൈക്കൊള്ളും. അതിനുവേണ്ടി നമ്മൾ തയ്യാറായിരിക്കുകയും വേണം.അദ്ദേഹം ഇപ്പോഴും ഒരു കുട്ടിയാണ്. തന്റെ പഠനം ഇപ്പോഴും അദ്ദേഹത്തിന് പൂർത്തിയാക്കാനുണ്ട്. ഇങ്ങനെ മോശമായ രീതിയിൽ അദ്ദേഹത്തെ ഒരിക്കലും ട്രീറ്റ് ചെയ്യാൻ പാടില്ല ” ഇതാണ് ഡൊറിവാൽ ജൂനിയർ പറഞ്ഞിട്ടുള്ളത്.
സ്പെയിനും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരം റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് അരങ്ങേറുക.ഈ മത്സരത്തിലെ പ്രധാന ശ്രദ്ധ കേന്ദ്രം വിനീഷ്യസ് ജൂനിയർ തന്നെയായിരിക്കും. തുടർന്നും വിനീഷ്യസ് ജൂനിയർക്ക് ഇത്തരം അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നാൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ കടുത്ത നടപടികൾ സ്വീകരിക്കും എന്ന് തന്നെയാണ് ബ്രസീലിന്റെ പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.