വാൻ ഗാലിനുള്ള മറുപടി? മെസ്സിയുടെ സെലിബ്രേഷന് പിന്നിലെന്ത്?
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിന് പരാജയപ്പെടുത്തിക്കൊണ്ട് സെമി ഫൈനലിലേക്ക് മുന്നേറാൻ അർജന്റീനക്ക് സാധിച്ചിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം സ്വന്തമാക്കിയിട്ടുള്ളത്.മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുത്തിട്ടുള്ളത്.
അർജന്റീനയുടെ ആദ്യ ഗോളിന് അസിസ്റ്റ് നൽകിയത് മെസ്സിയാണ്. പിന്നീട് രണ്ടാം ഗോൾ മെസ്സി പെനാൽറ്റിയിലൂടെ നേടി. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലും ലയണൽ മെസ്സി പിഴവുകൾ ഒന്നും കൂടാതെ പന്ത് വലയിൽ എത്തിക്കുകയും ചെയ്തു.അർജന്റീന ഹോളണ്ടിനെ പരാജയപ്പെടുത്തിയതിൽ വലിയ പങ്കുവഹിച്ചത് മെസ്സി തന്നെയാണ്.
അതേസമയം അർജന്റീനയുടെ രണ്ടാം ഗോൾ നേടിയതിനു ശേഷം ലയണൽ മെസ്സി നടത്തിയ സെലിബ്രേഷൻ ഫുട്ബോൾ ലോകത്ത് വളരെയധികം ചർച്ചയായിരുന്നു. അതായത് ഇരുചെവിക്ക് പുറകിലും കൈകൾ വിടർത്തിക്കൊണ്ടുള്ള ഒരു സെലിബ്രേഷൻ ആയിരുന്നു മെസ്സി നടത്തിയിരുന്നത്. ഹോളണ്ട് പരിശീലകനായ ലൂയി വാൻ ഗാലിനെ നോക്കിക്കൊണ്ടായിരുന്നു മെസ്സി ആ സെലിബ്രേഷൻ നടത്തിയത്. മത്സരത്തിന് മുന്നേയുള്ള വാൻ ഗാലിന്റെ പ്രസ്താവനകൾക്കുള്ള മറുപടിയായി കൊണ്ടാണ് മെസ്സി വാൻ ഗാലിനെ നോക്കിക്കൊണ്ട് സെലിബ്രേഷൻ നടത്തിയത് എന്നാണ് ആരാധകർ വിലയിരുത്തുന്നത്.
Leo Messi did Riquelme's celebration. pic.twitter.com/44LNiQvGGX
— Barça Universal (@BarcaUniversal) December 9, 2022
എന്നാൽ ആ സെലിബ്രേഷൻ പിന്നിൽ മറ്റൊരു കാര്യം കൂടിയുണ്ട്.ടോപ്പോ ജിജിയോ എന്നാണ് ഈ സെലിബ്രേഷൻ അറിയപ്പെടുന്നത്.അർജന്റൈൻ ഇതിഹാസമായ റിക്വൽമി ബൊക്ക ജൂനിയേഴ്സിന് വേണ്ടി കളിക്കുന്ന സമയത്ത് ഈ സെലിബ്രേഷൻ നടത്തിയിരുന്നു.അതായത് വാൻ ഗാലിനെതിരെയായിരുന്നു അന്ന് റിക്വൽമി ആ സെലിബ്രേഷൻ നടത്തിയിരുന്നത്.അതിന്റെ അനുകരണമാണ് മെസ്സി നടത്തിയത് എന്നാണ് അർജന്റൈൻ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
പൊതുവേ ശാന്ത സ്വഭാവക്കാരനായി കാണപ്പെടുന്ന ലയണൽ മെസ്സി ഇന്നലെ അങ്ങനെയായിരുന്നില്ല. എന്തായാലും ഒടുവിൽ ഹോളണ്ടിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞത് അർജന്റീനക്ക് വലിയ സന്തോഷമാണ് നൽകിയിരിക്കുന്നത്.