വനിതാ റഫറിയെ ആക്രമിച്ചു,അർജന്റൈൻ താരം അറസ്റ്റിൽ,കൂടെ ആജീവനാന്ത വിലക്കും!

ഫുട്ബോൾ ലോകത്ത് നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്. അർജന്റീനയിലെ ഒരു പ്രാദേശിക ലീഗ് മത്സരത്തിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയിട്ടുള്ളത്.മത്സരത്തിലെ വനിതാ റഫറിയെ ഒരു താരം ആക്രമിക്കുകയായിരുന്നു. തുടർന്ന് താരത്തെ അറസ്റ്റ് ചെയ്തു, മാത്രമല്ല ക്ലബ്ബ് താരത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

അർജന്റീനയിലെ തേർഡ് ഡിവിഷൻ ക്ലബ്ബായ ഡിപ്പോർട്ടിവോ ഗാർമെൻസ് കഴിഞ്ഞ ദിവസം ബ്യൂണസ് അയേഴ്സിൽ വെച്ച് നടന്ന ഒരു പ്രാദേശിക ലീഗിൽ പങ്കെടുത്തിരുന്നു.ഡിപ്പോർട്ടിവോ ഇന്റിപെന്റൻഷ്യയായിരുന്നു ഇവരുടെ എതിരാളികൾ. ഈ മത്സരം നിയന്ത്രിച്ചിരുന്ന വനിതാ റഫറിയായ ഡാൽമ കോർടാഡിയെ ഗാർമെൻസ് താരമായ ക്രിസ്റ്റ്യൻ ടിറോണെ ആക്രമിക്കുകയായിരുന്നു.അവരുടെ കഴുത്തിന് പുറകിലാണ് ഇദ്ദേഹം ഇടിച്ചത്.തുടർന്ന് ഇവർ ദീർഘ നേരം ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തു.

ഈ ആക്രമണം ഡാൽമ തന്നെയാണ് ഫുട്ബോൾ ലോകത്തെ അറിയിച്ചത്. ഒരു സ്ത്രീയായതു കൊണ്ടല്ല തനിക്കിത് സംഭവിച്ചതെന്നും ഏത് റഫറിമാർക്ക് വേണമെങ്കിലും ഇങ്ങനെ സംഭവിക്കാമെന്നുമാണ് ഇവർ പറഞ്ഞിട്ടുള്ളത്.തുടർന്ന് ടിറോണെയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ താരത്തെ ലൈഫ് ടൈം ബാൻ ചെയ്തതായി ക്ലബ്ബ് അറിയിക്കുകയും ചെയ്തു.

അർജന്റൈൻ ഫുട്ബോൾ അസോസിയേഷനും ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത നടപടി എടുക്കുമെന്നും AFA തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ഈയിടെ രണ്ട് അർജന്റൈൻ ക്ലബ്ബുകളുടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടുകയും വെടിവെപ്പ് നടത്തിയതും ഫുട്ബോൾ ലോകത്ത് വലിയ ചർച്ച വിഷയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *