വധശ്രമം, അർജന്റീനയിലെ എല്ലാ ഫുട്ബോൾ മത്സരങ്ങളും നിർത്തിവെച്ചു!
ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീനയിൽ നിന്നും വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നത്. അർജന്റീനയുടെ വൈസ് പ്രസിഡണ്ടായ ക്രിസ്റ്റീന ഫെർണാണ്ടസിന് നേരെ വധശ്രമം നടക്കുകയായിരുന്നു. തലനാരിഴക്കാണ് ഇവർ വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത്.
തന്റെ വീട്ടിലേക്ക് എത്തുന്ന സമയത്തായിരുന്നു ക്രിസ്റ്റിനക്ക് വധശ്രമം നേരിടേണ്ടി വന്നത്. 35 കാരനായ ഒരു വ്യക്തി തോക്കിൽ നിന്നും അർജന്റീനയുടെ വൈസ് പ്രസിഡണ്ടിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഭാഗ്യവശാൽ പ്രതിക്ക് ഉന്നം തെറ്റുകയും ഇവർ രക്ഷപ്പെടുകയും ചെയ്തു.
ഇത് തുടർന്ന് അർജന്റീനയുടെ പ്രസിഡണ്ടായ ആൽബർട്ടോ ഫെർണാണ്ടസ് വെള്ളിയാഴ്ച രാജ്യത്ത് നാഷണൽ ഹോളിഡേ പ്രഖ്യാപിക്കുകയായിരുന്നു.ഇതിന് പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷനും രാജ്യത്തെ എല്ലാ മത്സരങ്ങളും നിർത്തിവച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കേണ്ട മത്സരങ്ങളായിരുന്നു AFA സസ്പെന്റ് ചെയ്തത്.
🇦🇷 En Argentina, tras el atentado a la vicepresidenta Cristina Kirchner, la @afa sacó un comunicado en repudio y avisando que los partidos que se iban a jugar mañana quedan suspendidos. pic.twitter.com/6DSFPqK2vJ
— Fútbol y Política (@FutboliPolitica) September 2, 2022
മൂന്ന് മത്സരങ്ങളായിരുന്നു അർജന്റീനയുടെ ഫസ്റ്റ് ഡിവിഷനിൽ നടക്കാൻ ഉണ്ടായിരുന്നു. ഈ മൂന്ന് മത്സരങ്ങളും സസ്പെന്റ് ചെയ്തു. ഇതിന് പുറമെ വേറെയും പല മത്സരങ്ങളും നിർത്തിവെച്ചിട്ടുണ്ട്. തേർഡ് ഡിവിഷൻ മത്സരങ്ങളും വുമൺസ് ചാമ്പ്യൻഷിപ്പും റിസർവ് ലീഗുമൊക്കെ നിർത്തിവെച്ചിട്ടുണ്ട്. ശനിയാഴ്ചയോ ഞായറാഴ്ചയോ ആയി ഈ മത്സരങ്ങൾ നടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ഏതായാലും അർജന്റീനയുടെ വൈസ് പ്രസിഡന്റിന് നേരെ നടന്ന വധശ്രമത്തിൽ ലോകം ഒന്നടങ്കം നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.