ലൗറ്ററോ രക്ഷകൻ, വീണ്ടും കോപ്പ അമേരിക്ക ചാമ്പ്യന്മാരായി അർജന്റീന
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന കലാശ പോരാട്ടത്തിൽ കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം ചൂടിക്കഴിഞ്ഞു.ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന വിജയം സ്വന്തമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ സൂപ്പർ താരം ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.ഇതോടെ തുടർച്ചയായി രണ്ടാം തവണയും കോപ്പ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ കടുത്ത വെല്ലുവിളിയാണ് അർജന്റീന കൊളംബിയ സൃഷ്ടിച്ചത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മെസ്സി പരിക്ക് കാരണം കളം വിടുകയും ചെയ്തു. നിശ്ചിത സമയത്ത് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. മത്സരത്തിന്റെ 112ആം മിനുട്ടിൽ ലൗറ്ററോ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.പകരക്കാരനായി വന്ന താരം തകർപ്പൻ ഫിനിഷിങ്ങിലൂടെയാണ് ഗോൾ കണ്ടെത്തിയത്.
ഇതോടെ കൊളംബിയയുടെ 28 മത്സരങ്ങളിലെ അപരാജിത കുതിപ്പ് അർജന്റീന അവസാനിപ്പിച്ചു.കോപ്പ അമേരിക്ക കിരീടം അവർ നിലനിർത്തുകയും ചെയ്തു. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ച അർജന്റീന അർഹിച്ച കിരീടമാണ് സ്വന്തമാക്കിയിട്ടുള്ളത്.