ലൗറ്ററോ മാർട്ടിനെസിന് മത്സരം നഷ്ടമായാൽ അവസരം മുതലെടുക്കാൻ ലുക്കാസ് അലാരിയോ !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അവസാനഘട്ടഒരുക്കങ്ങളിലാണ് സ്കലോണിയുടെ അർജന്റീന. ഈ മാസത്തെ മത്സരങ്ങളിൽ പരാഗ്വയും പെറുവുമാണ് നീലപ്പടയുടെ എതിരാളികൾ. എന്നാൽ ഒരല്പം ആശങ്കക്ക്‌ വഴിയൊരുക്കുന്ന വാർത്തകളായിരുന്നു ഇന്നലെ അർജന്റൈൻ ക്യാമ്പിൽ നിന്നും പുറത്തു വന്നിരുന്നത്. സൂപ്പർ താരങ്ങളായ ലൗറ്ററോ മാർട്ടിനെസും ലയണൽ മെസ്സിയും ചില പരിശീലനസെഷനുകളിൽ ടീമിനോടൊപ്പം പങ്കെടുത്തിരുന്നില്ല. എന്നാൽ മെസ്സിക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ലൗറ്ററോ മാർട്ടിനെസ് ആദ്യത്തെ മത്സരം കളിക്കുന്ന കാര്യം സംശയത്തിലാണ്. താരത്തിന്റെ വലതു ഹാംസ്ട്രിങ്ങിന് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. ഇതാണ് താരത്തിന്റെ കാര്യം സംശയത്തിലാക്കുന്നത്.

ഇനി അവസാന പരിശോധനയെന്നോണം ഒരു തവണ കൂടി താരത്തിന്റെ കാര്യങ്ങൾ വിലയിരുത്തും. താരം പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുത്താൽ താരത്തെ തന്നെ പരാഗ്വക്കെതിരെ കളിപ്പിക്കും. അല്ല എന്നുണ്ടെങ്കിൽ ആ സ്ഥാനത്തേക്ക് സ്കലോണി പരിഗണിക്കുക ലുക്കാസ് അലാരിയോയെ ആയിരിക്കും. മുമ്പ് അർജന്റീനക്ക്‌ വേണ്ടി കളിച്ച താരമാണ് അലാരിയോ. അവസാനമായി താരം കഴിഞ്ഞ വർഷമാണ് കളിച്ചത്. ഒക്ടോബറിൽ ഇക്വഡോറിനെതിരെ നടന്ന സൗഹൃദമത്സരത്തിൽ 6-1 ന് അർജന്റീന വിജയിച്ചിരുന്നു. ഈ മത്സരത്തിൽ അലാരിയോ ഒരു ഗോൾ കണ്ടെത്തിയിരുന്നു. മുമ്പും ടീമിലേക്ക് വിളിക്കപ്പെട്ടിരുന്നുവെങ്കിലും വേണ്ട വിധത്തിലുള്ള അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. നിലവിൽ ബുണ്ടസ്ലിഗയിൽ ബയേർ ലെവർകൂസന് വേണ്ടി ഉജ്ജ്വലപ്രകടനമാണ് താരം നടത്തികൊണ്ടിരിക്കുന്നത്. കേവലം ആറു മത്സരങ്ങൾ കളിച്ച ഏഴ് ഗോളുകളാണ് അടിച്ചു കൂട്ടിയത്. അത്കൊണ്ട് തന്നെ തന്റെ ഈ മിന്നും ഫോം അർജന്റീന ജേഴ്സിയിലും പുറത്തെടുത്തു കൊണ്ട് അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് അലാരിയോ.

Leave a Reply

Your email address will not be published. Required fields are marked *