ലൗറ്ററോ-അഗ്വേറോ സഖ്യത്തിന് അർജന്റീനയിൽ തിളങ്ങാനാവുമെന്ന് സ്കലോണി

ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനക്ക് ഏറെ പ്രതീക്ഷയുള്ള താരമാണ് ലൗറ്ററോ മാർട്ടിനെസ്. കുറഞ്ഞ കാലം കൊണ്ട് തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി സൂപ്പർ താരമായി വളരാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന് അർജന്റീന ടീമിലും മികച്ച ഫോമിൽ തന്നെ ഇനിയും തുടരാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ് പരിശീലകൻ ലയണൽ സ്കലോണി. ദിവസങ്ങൾക്ക് മുൻപ് ഡിറക് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പരിശീലകൻ അർജന്റൈൻ ടീമിന്റെ മുന്നേറ്റനിരയെ കുറിച്ച് പറഞ്ഞത്. അഗ്വേറൊ-ലൗറ്ററോ സഖ്യത്തിന് അർജന്റീനയിൽ നല്ല രീതിയിലുള്ള പ്രകടനം കാഴ്ച്ചവെക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ” അവർ രണ്ട് പേരും നല്ല രീതിയിലുള്ള കൂട്ടുകെട്ട് ആണ്. അർജന്റീനയിലെ തന്നെ ഏറ്റവും മികച്ച സഖ്യമായി മാറാൻ അവർക്ക് കഴിയും ” ഇതായിരുന്നു സ്കലോണി പറഞ്ഞ വാക്കുകൾ. നിലവിൽ യൂറോപ്പിൽ ഗോളടിച്ചു കൂട്ടുന്ന രണ്ട് സ്‌ട്രൈക്കർമാരാണ് ഇരുവരും.ഇരുവർക്കും അതേ ഫോം അർജന്റീന ജേഴ്‌സിയിലും നിലനിർത്താൻ കഴിയുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്.

അതേസമയം മൗറോ ഇകാർഡിയും ഭാവിയിൽ അർജന്റീന ടീമിൽ ഉണ്ടാവുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇകാർഡി ഇപ്പോഴും ഞങ്ങളുടെ പദ്ധതികളിലുണ്ടെന്നാണ് സ്കലോണി പറഞ്ഞത്. മെസ്സി, അഗ്വേറൊ, ദിബാല, ലൗറ്ററോ, ഇകാർഡി എന്നീ സൂപ്പർ താരങ്ങളെയെല്ലാം വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സ്കലോണിക്ക് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ലൗറ്ററോ മാർട്ടിനെസ് ബാഴ്സയിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തമായി കൊണ്ടിരിക്കുകയാണ്. 2018 മാർച്ചിൽ അർജന്റീനക്ക് വേണ്ടി അരങ്ങേറിയ ലൗറ്ററോ പതിനേഴ് മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകളും ഒരു അസിസ്റ്റും നേടികഴിഞ്ഞു. നിലവിൽ 2023 വരെ ഇന്ററിൽ താരത്തിന് കരാർ ഉണ്ടെങ്കിലും താരം ക്ലബ് വിടാനാണ് സാധ്യതകൾ.

Leave a Reply

Your email address will not be published. Required fields are marked *