ലൗറ്ററോയല്ല..ബാലൺഡി’ഓർ അർഹിക്കുന്ന താരത്തെ വെളിപ്പെടുത്തി അഗ്വേറോ!

ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കാനുള്ള നോമിനി ലിസ്റ്റ് ഇന്നലെയായിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നത്.30 പേരുടെ ലിസ്റ്റാണ് പുറത്തുവിട്ടിട്ടുള്ളത്. പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും ലിസ്റ്റിൽ ഇടാൻ കണ്ടെത്തിയിട്ടുണ്ട്.റോഡ്രിഗോക്ക് ഇടമില്ല എന്നുള്ളത് ഒരല്പം ആശ്ചര്യപ്പെടുത്തുന്ന കാര്യമായിരുന്നു.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ഇല്ലാത്ത ഒരു ലിസ്റ്റ് കൂടിയായിരുന്നു ഇത്.

ആരാണ് ഇത്തവണത്തെ ബാലൺഡി’ഓർ അർഹിക്കുന്നത്?ഫുട്ബോൾ ലോകത്ത് ഇതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ തുടരുകയാണ്. ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത് വിനീഷ്യസ് ജൂനിയർക്കാണ്. എന്നാൽ റോഡ്രി,ബെല്ലിങ്‌ഹാം,ലൗറ്ററോ,കാർവ്വഹൽ എന്നിവർക്കൊക്കെ സാധ്യതകൾ കൽപ്പിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ തികച്ചും അപ്രവചനീയമായ ഒരു ബാലൺഡി’ഓർ ആണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.

ഇത്തവണത്തെ ബാലൺഡി’ഓർ ആരാണ് അർഹിക്കുന്നത് എന്ന കാര്യത്തിൽ അർജന്റൈൻ സൂപ്പർതാരമായിരുന്ന സെർജിയോ അഗ്വേറോ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.അർജന്റൈൻ താരങ്ങളായ ലൗറ്ററോ മാർട്ടിനസ്,എമി മാർട്ടിനസ് എന്നിവർ ചുരുക്കപ്പട്ടികയിൽ ഉണ്ടെങ്കിലും അഗ്വേറോ അവരെ പരിഗണിച്ചിട്ടില്ല. മറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരമായ റോഡ്രിയെയാണ് അദ്ദേഹം പരിഗണിച്ചിട്ടുള്ളത്.റോഡ്രി അർഹിക്കുന്നു എന്നാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ട് അദ്ദേഹം എഴുതിയിട്ടുള്ളത്.മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഒരുപാട് കാലം കളിച്ച ഇതിഹാസം കൂടിയാണ് സെർജിയോ അഗ്വേറോ.

കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും തകർപ്പൻ പ്രകടനം നടത്തിയ താരമാണ് റോഡ്രി. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗും യുവേഫ സൂപ്പർ കപ്പും ക്ലബ്ബ് വേൾഡ് കപ്പുമൊക്കെ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ സ്പെയിൻ ദേശീയ ടീമിനോടൊപ്പം യൂറോ കപ്പ് അദ്ദേഹം സ്വന്തമാക്കി.യൂറോ കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നേടിയതും റോഡ്രി തന്നെയാണ്. കഴിഞ്ഞ സീസണിൽ 63 മത്സരങ്ങൾ കളിച്ചതാരം 12 ഗോളുകളും 14 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. വലിയ രൂപത്തിലുള്ള സാധ്യതകൾ നിലവിൽ റോഡ്രിക്ക് ബാലൺഡി’ഓറിൽ കൽപ്പിക്കപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *