ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർ : കാസമിറോക്ക് നെയ്മറുടെ പ്രശംസ!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ഈ മത്സരത്തിൽ വിജയം കരസ്ഥമാക്കിയിട്ടുള്ളത്. സൂപ്പർ താരം കാസമിറോയുടെ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും നേടാൻ ബ്രസീലിന് സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലാണ് കാസമിറോയുടെ ഗോൾ പിറന്നത്.റോഡ്രിഗോയുടെ പാസിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെയാണ് കാസമിറോ പന്ത് വലയിൽ എത്തിച്ചത്. ഈ ഗോളാണ് ബ്രസീലിന് രണ്ടാം വിജയവും അതുവഴി പ്രീ ക്വാർട്ടർ പ്രവേശനവും സാധ്യമാക്കിയിട്ടുള്ളത്.
Casemiro is so clutch 💥 pic.twitter.com/lP8xvRfD78
— GOAL (@goal) November 28, 2022
അതേസമയം ഈ ഗോൾ നേടി ബ്രസീലിന്റെ ഹീറോയായതിനുശേഷം താരത്തെ പ്രശംസിച്ചുകൊണ്ട് സഹതാരമായ നെയ്മർ ജൂനിയർ രംഗത്ത് വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ എന്നാണ് നെയ്മർ കാസമിറോയെ കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. തന്റെ ട്വിറ്ററിലൂടെയാണ് നെയ്മർ ഇക്കാര്യം പങ്കുവെച്ചത്.
പരിക്കു മൂലം ഈ മത്സരത്തിൽ കളിക്കാൻ നെയ്മർക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ബ്രസീൽ ടീമിനൊപ്പം അദ്ദേഹം ഇന്നലെ ഉണ്ടായിരുന്നതുമില്ല.നെയ്മർ ഹോട്ടലിൽ തന്നെ തുടരുകയായിരുന്നു. ഏതായാലും പ്രീ ക്വാർട്ടർ മത്സരത്തിനു മുന്നേ താരം തയ്യാറാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.