ലോകം അവസാനിച്ചിട്ടൊന്നുമില്ലല്ലോ: പോർച്ചുഗലിന്റെ തോൽവിയെക്കുറിച്ച് മൊറിഞ്ഞോ
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ക്രൊയേഷ്യ പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്.മോഡ്രിച്ച്,ബുഡിമിർ എന്നിവർ നേടിയ ഗോളുകളാണ് ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചത്.പോർച്ചുഗലിന്റെ ഏക ഗോൾ നേടിയത് ജോട്ടയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.
ഈ മത്സരത്തെ കുറിച്ചുള്ള അഭിപ്രായം പ്രശസ്ത പോർച്ചുഗീസ് പരിശീലകൻ ഹോസേ മൊറിഞ്ഞോയോട് ചോദിക്കപ്പെട്ടിരുന്നു.പരിശീലകൻ എങ്ങനെ നോക്കിക്കാണുന്നു എന്നതിന് ആശ്രയിച്ചാണ് ഈ തോൽവി ഇരിക്കുന്നത് എന്നാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്. ഇത് ലോകത്തിന്റെ അവസാനമല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചിട്ടുണ്ട്.മൊറിഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഈ മത്സരത്തെ പരിശീലകൻ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്. ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം ഐസ്ലാൻഡിനോട് പരാജയപ്പെട്ടിട്ടുണ്ട്. എന്നിട്ട് ലോകം അവസാനിച്ചിട്ടൊന്നുമില്ലല്ലോ? യഥാർത്ഥ നിമിഷങ്ങൾ യൂറോ കപ്പിലാണ് ഉള്ളത്. അല്ലാതെ ഫ്രണ്ട്‌ലി മത്സരങ്ങളിൽ അല്ല.പോർച്ചുഗലിന്റെ ഈ ജനറേഷൻ വളരെയധികം ടാലെന്റുകൾ ഉള്ളതാണ്. അത് തീർച്ചയായും എല്ലാവർക്കും മനസ്സിലാവുക തന്നെ ചെയ്യും ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഇനി ഒരു സൗഹൃദ മത്സരം കൂടി പോർച്ചുഗൽ കളിക്കുന്നുണ്ട്. എതിരാളികൾ അയർലാൻഡാണ്. ആ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയേക്കും. യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം പോർച്ചുഗല്ലിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കും.ചെക്ക് റിപ്പബ്ലിക്,തുർക്കി,ജോർജിയ എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികളായി കൊണ്ട് വരുന്നത്.