ലക്ഷ്യം 1000 ഗോളുകൾ,ക്രിസ്റ്റ്യാനോ അതിവേഗം കുതിക്കുന്നു!
ഇന്നലെ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ ഗംഭീര വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പോളണ്ടിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് തിളങ്ങിയിട്ടുള്ളത്. അഞ്ചു ഗോളുകളിൽ മൂന്ന് ഗോളുകളിലും റൊണാൾഡോയുടെ സാന്നിധ്യം ഉണ്ടായിരുന്നു.രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം മത്സരത്തിൽ നേടിയത്.
താരം നേടിയ ബൈസിക്കിൾ കിക്ക് ഗോൾ ആരാധകരുടെ വലിയ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.ഈ പ്രായത്തിലും റൊണാൾഡോ ഇത്തരം ഗോളുകൾ നേടുന്നതിനാണ് വലിയ അഭിനന്ദനങ്ങൾ ലഭിക്കുന്നത്. ഏതായാലും ആയിരം ഗോളുകൾ പൂർത്തിയാക്കുക എന്നുള്ളതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലക്ഷ്യം.അതിലേക്ക് അതിവേഗം കുതിക്കുകയാണ് റൊണാൾഡോ.
ഇന്നലത്തെ ഇരട്ട ഗോളോടുകൂടി റൊണാൾഡോ തന്റെ സീനിയർ പ്രൊഫഷണൽ കരിയറിൽ 910 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി 90 ഗോളുകൾ കൂടി നേടിയാൽ അദ്ദേഹത്തിന് 1000 ഗോളുകൾ എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ സാധിക്കും. പോർച്ചുഗൽ ദേശീയ ടീമിനുവേണ്ടി 135 ഗോളുകളാണ് റൊണാൾഡോ ആകെ പൂർത്തിയാക്കിയിട്ടുള്ളത്.ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും റൊണാൾഡോ തന്നെയാണ്.
ഇത്തവണത്തെ നേഷൻസ് ലീഗിൽ മാത്രമായി റൊണാൾഡോ അഞ്ചു ഗോളുകൾ നേടിക്കഴിഞ്ഞു. ആകെ 12 ഗോളുകളാണ് നേഷൻസ് ലീഗിൽ റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. ഈ വർഷം പോർച്ചുഗലിനു വേണ്ടി റൊണാൾഡോ 7 ഗോളുകൾ നേടിയിട്ടുണ്ട്. അതേസമയം ഈ കലണ്ടർ വർഷത്തിൽ ആകെ 37 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.
ഇങ്ങനെ റൊണാൾഡോ തന്റെ ഗോൾ വേട്ട തുടരുകയാണ്.39ആമത്തെ വയസ്സിലും അടങ്ങാത്ത ഗോൾദാഹമുള്ള വ്യക്തിയാണ് റൊണാൾഡോ. അദ്ദേഹം ആയിരം ഗോളുകൾ പൂർത്തിയാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.