ലക്ഷ്യം ഫൈനൽ മാത്രം,അനായാസം മുന്നേറാൻ അർജന്റീന

കോപ്പ അമേരിക്കയിൽ നാളെ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിന് നിലവിലെ ജേതാക്കളായ അർജന്റീന കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.എതിരാളികൾ കാനഡയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നമുക്ക് കാണാൻ കഴിയുക. അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ സെമിഫൈനൽ അരങ്ങേറുക.

ഈ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയവരാണ് അർജന്റീനയും കാനഡയും.എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന വിജയിച്ചിരുന്നു.ഹൂലിയൻ,ലൗറ്ററോ എന്നിവരായിരുന്നു അന്ന് ഗോളുകൾ നേടിയിരുന്നത്.മെസ്സി അവസരങ്ങൾ പാഴാക്കിയെങ്കിലും മികച്ച പ്രകടനം മത്സരത്തിൽ പുറത്തെടുത്തിരുന്നു. അന്ന് അർജന്റീന തന്നെയായിരുന്നു ആധിപത്യം പുലർത്തിയത്. അതുകൊണ്ടുതന്നെ സെമിയിലും ആധിപത്യം പുലർത്തി അർജന്റീന അനായാസം ഫൈനലിൽ പ്രവേശിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

എന്നാൽ കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സ്റ്റാർട്ടിങ് ഇലവനിൽ മാറ്റങ്ങൾ വരുത്താൻ സ്‌കലോണി തീരുമാനിച്ചിട്ടുണ്ട്.പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വരിക. മുന്നേറ്റ നിരയിൽ നിക്കോ ഗോൺസാലസ്,ലൗറ്ററോ മാർട്ടിനസ് എന്നിവർക്ക് സ്ഥാനം നഷ്ടമാകും. പകരം ഹൂലിയൻ,ഡി മരിയ എന്നിവരാണ് സ്റ്റാർട്ട് ചെയ്യുക.ഇവരോടൊപ്പം മുന്നേറ്റ നിരയിൽ ലയണൽ മെസ്സിയും ഉണ്ടാകും.

മധ്യനിരയിൽ എൻസോ ഫെർണാണ്ടസിന് സ്ഥാനം നഷ്ടമാകും. പകരം പരേഡസായിരിക്കും വരിക.ഇനി ലോ ചെൽസോ വന്നാലും അത്ഭുതപ്പെടാനില്ല.ഈ മാറ്റങ്ങൾക്കാണ് ഇപ്പോൾ സാധ്യതയുള്ളത്.പ്രതിരോധത്തിൽ മാറ്റങ്ങൾ വരുത്താൻ അർജന്റീനയുടെ കോച്ച് ഉദ്ദേശിക്കുന്നില്ല.

അതേസമയം കാനഡ മികച്ച ഒരു പോരാട്ടം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്. അർജന്റീനയെ പേടിയില്ലെന്നും തങ്ങളുടെതായ രീതിയിൽ തങ്ങൾ കളിക്കുമെന്നും അവരുടെ പരിശീലകൻ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ കളിയിൽ മെസ്സിക്ക് അനുവദിച്ചതുപോലെയുള്ള സ്വാതന്ത്ര്യം ഇത്തവണ അനുവദിക്കാതിരിക്കാൻ ശ്രമിക്കുമെന്നും ജെസേ മാർഷ് അറിയിച്ചിട്ടുണ്ട്. മികച്ച ഒരു പോരാട്ടം കാണാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *