റൊണാൾഡോയെ മറികടന്നു,പെലെയുടെ തൊട്ടരികിൽ,നെയ്മർ കുതിക്കുന്നു!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീൽ ജപ്പാനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരം നെയ്മർ ജൂനിയറുടെ ഗോളാണ് ബ്രസീലിന് ജയം സമ്മാനിച്ചത്.മത്സരത്തിന്റെ 77-ആം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് നെയ്മർ ജൂനിയർ ഗോൾ കണ്ടെത്തിയത്.

ഈ ഗോളോടുകൂടി ബ്രസീലിന് വേണ്ടിയുള്ള നെയ്മറുടെ ഗോൾ സമ്പാദ്യം 74 ആയി ഉയർന്നിട്ടുണ്ട്.119 മത്സരങ്ങളിൽ നിന്നാണ് നെയ്മർ ഈ ഗോളുകൾ കണ്ടെത്തിയിട്ടുള്ളത്. ബ്രസീലിയൻ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരമാണ് നെയ്മർ. ഒന്നാം സ്ഥാനത്ത് ഇതിഹാസ താരമായ പെലെയാണുള്ളത്.91 മത്സരങ്ങളിൽ നിന്ന് 77 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. 4 ഗോളുകൾ കൂടി നേടിയാൽ ഈയൊരു റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാൻ നെയ്മർക്ക് സാധിക്കും.

അതേസമയം ഇന്നലത്തെ ഗോൾ നേട്ടത്തോട് കൂടി ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോയെ മറികടക്കാനും നെയ്മർക്ക് സാധിച്ചിട്ടുണ്ട്. അതായത് തന്റെ കരിയറിൽ ആകെ 414 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഇത് മറികടക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്.415 ഒഫീഷ്യൽ ഗോളുകൾ നെയ്മർ തന്റെ കരിയറിൽ ഇപ്പോൾ കരസ്ഥമാക്കിയിട്ടുണ്ട്.674 മത്സരങ്ങളിൽ നിന്നാണ് നെയ്മർ 415 ഗോളുകൾ നേടിയിട്ടുള്ളത്.

സാന്റോസിന് വേണ്ടി 136 ഗോളുകൾ,ബാഴ്സക്ക് വേണ്ടി 105 ഗോളുകൾ,പിഎസ്ജിക്ക് വേണ്ടി 100 ഗോളുകൾ,ബ്രസീലിന് വേണ്ടി 74 ഗോളുകൾ എന്നിങ്ങനെയാണ് നെയ്മറുടെ സമ്പാദ്യം. അതേസമയം റയലിന് വേണ്ടിയാണ് റൊണാൾഡോ നസാരിയോ ഏറ്റവും കൂടുതൽ ഗോളുകൾ കരസ്ഥമാക്കിയിട്ടുള്ളത്.

ഏതായാലും നെയ്മറെ സംബന്ധിച്ചെടുത്തോളം ഇനിയും കരിയറിൽ ഒരുപാട് സമയം അവശേഷിക്കുന്നുണ്ട്.പക്ഷെ ഇതിനോടകം തന്നെ നെയ്മർ ഇതിഹാസങ്ങളുടെ ഇടയിൽ സ്ഥാനം നേടിക്കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *