റേസിസത്തിനെതിരെയുള്ള മത്സരം,ബെർണാബുവിൽ ബ്രസീലിനെതിരെയുള്ള ഫ്രണ്ട്ലി പ്രഖ്യാപിച്ച് സ്പെയിൻ!

സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പരിശീലകനായ ഫെർണാണ്ടോ ഡിനിസിനെ പുറത്താക്കിക്കൊണ്ട് ഡൊറിവാൽ ജൂനിയറെ ബ്രസീൽ കൊണ്ടുവന്നിട്ടുണ്ട്. വരുന്ന മാർച്ച് മാസത്തിലാണ് അദ്ദേഹം പരിശീലകനായി കൊണ്ട് ബ്രസീൽ ദേശീയ ടീമിൽ അരങ്ങേറ്റം നടത്തുക.രണ്ട് സൗഹൃദമത്സരങ്ങളാണ് ബ്രസീൽ മാർച്ചിൽ കളിക്കുന്നത്.

മാർച്ച് 23 ആം തീയതി നടക്കുന്ന മത്സരത്തിൽ യൂറോപ്പ്യൻ വമ്പൻമാരായ ഇംഗ്ലണ്ടിനെയാണ് ബ്രസീൽ നേരിടുക. വെമ്പ്ളിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. പിന്നീട് 3 ദിവസങ്ങൾക്ക് ശേഷം ബ്രസീൽ സ്പെയിനിനെ നേരിടും. ഈ മത്സരം സ്പെയിനിൽ വെച്ചു കൊണ്ടാണ് ബ്രസീൽ കളിക്കുക. ഈ മത്സരത്തിന്റെ കാര്യത്തിലുള്ള ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ സ്പെയിൻ കഴിഞ്ഞദിവസം പുറത്തുവിട്ടിട്ടുണ്ട്.

അതായത് റേസിസത്തിനെതിരെയുള്ള ക്യാമ്പയിനിന്റെ ഭാഗമായി കൊണ്ടാണ് ഈ സൗഹൃദ മത്സരം സംഘടിപ്പിക്കപ്പെടുന്നത്. റയൽ മാഡ്രിഡിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈ മത്സരം നടക്കുക. 10 വർഷത്തിനുശേഷം ആദ്യമായാണ് ബെർണാബുവിൽ ഒരു ദേശീയ ടീമിന്റെ മത്സരം സംഘടിപ്പിക്കപ്പെടുന്നത്.ആന്റി-റേസിസം ക്യാമ്പയിൻ സ്പെയിനിൽ നടത്താനുള്ള സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്.

ലാലിഗയിലെ ബ്രസീലിയൻ താരങ്ങൾക്ക് പലപ്പോഴും വംശീയമായ അധിക്ഷേപങ്ങൾ സ്പെയിനിൽ വച്ച് നേരിടേണ്ടി വരാറുണ്ട്. പ്രത്യേകിച്ച് വിനീഷ്യസ് ജൂനിയർ പലപ്പോഴും ക്രൂരമായ അധിക്ഷേപങ്ങൾക്ക് ഇരയാവാറുണ്ട്. ഇതിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കൊണ്ടാണ് ബ്രസീലും സ്പെയിനും ഇപ്പോൾ സൗഹൃദ മത്സരം കളിക്കുന്നത്. ഏതായാലും ഒരു കടുത്ത പോരാട്ടം തന്നെ നമുക്ക് റയൽ മാഡ്രിഡിന്റെ മൈതാനത്ത് വച്ചുകൊണ്ട് കാണാനാവും.

Leave a Reply

Your email address will not be published. Required fields are marked *