റേസിസത്തിനെതിരെയുള്ള പോരാട്ടം, ബ്രസീൽ സൗഹൃദമത്സരം കളിക്കുക ആഫ്രിക്കൻ ടീമുകൾക്കെതിരെ!

വരുന്ന ജൂൺ മാസത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുക. ആ മത്സരങ്ങളിലെ എതിരാളികൾ ആരൊക്കെയാണ് എന്നുള്ളത് സിബിഎഫ് തന്നെ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കൻ വമ്പൻമാരായ സെനഗൽ,ഗിനിയ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. യൂറോപ്പിൽ വെച്ചുകൊണ്ടാണ് ഈ രണ്ട് സൗഹൃദമത്സരങ്ങളും അരങ്ങേറുക.

ജൂൺ പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ ഗിനിയയാണ് ബ്രസീലിന്റെ എതിരാളികൾ. സ്പയിനിലെ ബാഴ്സലോണയിൽ വെച്ചുകൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക. പിന്നീട് 3 ദിവസങ്ങൾക്ക് ശേഷം സെനഗലിനെ ബ്രസീൽ നേരിടും.പോർച്ചുഗല്ലിലെ ലിസ്ബണിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഈ രണ്ടു മത്സരങ്ങളിലും ബ്രസീലിനെ പരിശീലിപ്പിക്കുക താൽക്കാലിക പരിശീലകനായ റാമോൻ മെനസസാണ് എന്നുള്ള കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

അണ്ടർ 20 വേൾഡ് കപ്പിൽ ബ്രസീലിനെ പരിശീലിപ്പിക്കുകയാണ് മെനസസ്. എന്നാൽ വരുന്ന ഞായറാഴ്ച്ച അദ്ദേഹം ബ്രസീലിന്റെ സീനിയർ ടീം പ്രഖ്യാപിക്കുന്നതിന് വേണ്ടി റിയോ ഡി ജെനീറോയിൽ എത്തും. ഒരു സ്ഥിര പരിശീലകനെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. കഴിഞ്ഞ മൊറോക്കോക്കെതിരെയുള്ള സൗഹൃദമത്സരത്തിലും ബ്രസീലിനെ പരിശീലിപ്പിച്ചിരുന്നത് റാമോൻ മെനസസ് തന്നെയായിരുന്നു. പക്ഷേ ആ മത്സരത്തിൽ ബ്രസീൽ പരാജയപ്പെടുകയായിരുന്നു.

മാത്രമല്ല ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ റേസിസത്തിനെതിരെ ഒരു ക്യാമ്പയിൻ ഇപ്പോൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഈ ക്യാമ്പയിൻ നടത്തപ്പെടുന്നത്. അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് ഈ ആഫ്രിക്കൻ രാജ്യങ്ങൾക്കെതിരെ ബ്രസീൽ സൗഹൃദ മത്സരം കളിക്കാൻ തീരുമാനിച്ചതും.റേസിസത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് CBF പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *