റെക്കോർഡുകളുടെ പെരുമഴ, ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ!

ഇന്നലെ നടന്ന യൂറോ യോഗ്യത മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ പോർച്ചുഗലിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് പോർച്ചുഗൽ എതിരാളികളായ ലിച്ചൻസ്റ്റെയിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ മത്സരത്തിൽ തിളങ്ങിയത്.

കാൻസെലോ,ബെർണാഡോ സിൽവ എന്നിവരായിരുന്നു ആദ്യം ഗോളുകൾ നേടിയത്. പിന്നീടായിരുന്നു റൊണാൾഡോയുടെ ഊഴം. ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് റൊണാൾഡോ പോർച്ചുഗലിന്റെ ലീഡ് മൂന്നായി ഉയർത്തി. പിന്നാലെ ലഭിച്ച ഒരു ഫ്രീകിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ എതിർ വലയിൽ എത്തിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ ഫ്രീകിക്ക് ഗോളുകൾ നേടുന്നത്.

ഈ മത്സരത്തിൽ ഇറങ്ങുമ്പോൾ തന്നെ ഒരു റെക്കോർഡ് സ്വന്തമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചു താരം എന്ന റെക്കോർഡ് ആണ് റൊണാൾഡോ കരസ്ഥമാക്കിയത്. 197 മത്സരങ്ങളാണ് പോർച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ കളിച്ചിട്ടുള്ളത്.196 മത്സരങ്ങൾ കളിച്ച കുവൈത്ത് താരം മുത്താവക്കൊപ്പം റെക്കോർഡ് പങ്കെടുക്കുകയായിരുന്നു ഇതുവരെ റൊണാൾഡോ. ഇന്നലത്തെ മത്സരത്തോടുകൂടി അദ്ദേഹം അത് തകർക്കുകയും ചെയ്തു.

ഈ ഇരട്ട ഗോളുകൾ നേടിയതോടുകൂടി പോർച്ചുഗലിനു വേണ്ടി ആകെ 120 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോ ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ആരും തന്നെ അന്താരാഷ്ട്ര കരിയറിൽ 120 ഗോളുകൾ നേടിയിട്ടില്ല. മാത്രമല്ല ഈ വർഷം റൊണാൾഡോ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 11 മത്സരങ്ങൾ കളിച്ച റൊണാൾഡോ 11 ഗോളുകൾ നേടി കഴിഞ്ഞു. ഏതായാലും താരത്തിന്റെ ഈ മികവ് ആരാധകർക്ക് സന്തോഷം പകരുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *