റെക്കോർഡുകളിലല്ല കാര്യം, ക്രിസ്റ്റ്യാനോക്ക്‌ കളിക്കണം : പോർച്ചുഗൽ പരിശീലകൻ!

ഇന്ന് നടക്കുന്ന സൗഹൃദമത്സരത്തിൽ കരുത്തരായ പോർച്ചുഗല്ലിന്റെ എതിരാളികൾ ഖത്തറാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:45-ന് പോർച്ചുഗല്ലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരത്തിൽ കളിക്കുന്നതോട് കൂടി രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച നാലാമത്തെ താരമാവാൻ ക്രിസ്റ്റ്യാനോക്ക്‌ കഴിയും.സെർജിയോ റാമോസിനെയാണ് റൊണാൾഡോ മറികടക്കുക.എന്നാൽ റെക്കോർഡുകൾക്ക്‌ ക്രിസ്റ്റ്യാനോ പ്രാധാന്യം നൽകുന്നില്ലെന്നും മറിച്ച് അദ്ദേഹം കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ പോർച്ചുഗല്ലിന്റെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഖത്തറിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാര്യത്തിനാണ് ഞാൻ പരിഗണന നൽകുന്നത്.അദ്ദേഹം ആ റെക്കോർഡ് സ്വന്തമാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയങ്ങളുമില്ല.അദ്ദേഹത്തെ കളിക്കുന്നതിൽ നിന്നും തടയുന്ന എന്തെങ്കിലും നിർഭാഗ്യങ്ങൾ സംഭവിച്ചാൽ മാത്രമേ ഇന്ന് അത് ലഭിക്കാതിരിക്കുകയൊള്ളൂ.പക്ഷേ റൊണാൾഡോ റെക്കോർഡിനെ കുറിച്ചൊന്നും വേവലാതിപ്പെടുന്നില്ല.തീർച്ചയായും റെക്കോർഡുകൾക്ക്‌ അദ്ദേഹം പ്രാധാന്യം നൽകുന്നില്ല. മറിച്ച് മത്സരത്തിൽ കളിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.അതാണ് നിലവിൽ ക്രിസ്റ്റ്യാനോയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ” പോർച്ചുഗൽ പരിശീലകൻ പറഞ്ഞു.

നിലവിൽ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ക്രിസ്റ്റ്യാനോയുടെ പേരിലാണ്. താരം ഇനിയും ഗോളുകൾ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *