റഷ്യൻ വേൾഡ് കപ്പിനെ മറികടന്നു, ഇന്ത്യൻ ആരാധകർ സ്വന്തമാക്കിയ ടിക്കറ്റ് കണക്കുകൾ പുറത്ത് വിട്ട് ഫിഫ!

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി കേവലം അഞ്ചു മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഈ വേൾഡ് കപ്പിന് വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. വേൾഡ് കപ്പിനുള്ള ടിക്കറ്റ് വില്പന ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ആദ്യഘട്ടത്തിലുള്ള വില്പന ഇപ്പോൾ ഫിഫ പൂർത്തിയാക്കിയിട്ടുണ്ട്.ആകെ 1.8 മില്യൺ ടിക്കറ്റുകളാണ് ഫിഫ ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയ ആദ്യ പത്ത് രാജ്യങ്ങളിൽ ഇന്ത്യയും ഇടം നേടിയിരുന്നു. ഏഴാം സ്ഥാനമായിരുന്നു ഇന്ത്യ നേടിയിരുന്നത്.

ഏതായാലും ഇന്ത്യൻ ആരാധകർ സ്വന്തമാക്കിയ ടിക്കറ്റുകളുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ ഫിഫ പുറത്തുവിട്ടിട്ടുണ്ട്.23,573 ടിക്കറ്റുകളാണ് ഇന്ത്യൻ ആരാധകർ ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. ഇതേക്കുറിച്ച് ഫിഫയുടെ പ്രതിനിധി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് ഇങ്ങനെയാണ്.

” ഏറ്റവും കൂടുതൽ ടിക്കറ്റുകൾ കരസ്ഥമാക്കിയ 10 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ളത് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും. ഇതുവരെ 23,573 ടിക്കറ്റുകളാണ് ഇന്ത്യൻ ആരാധകർ സ്വന്തമാക്കിയിട്ടുള്ളത് ” ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഇതോടുകൂടി ടിക്കറ്റിന്റെ കാര്യത്തിൽ റഷ്യൻ വേൾഡ് കപ്പിനെ മറികടക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.2018-ൽ 17,962 ടിക്കറ്റുകളായിരുന്നു ഇന്ത്യൻ ആരാധകർ സ്വന്തമാക്കിയിരുന്നത്. വേൾഡ് കപ്പിന് യോഗ്യത ലഭിക്കാത്ത രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയ മൂന്നാമത്തെ രാജ്യമായി മാറാൻ അന്ന് ഇന്ത്യക്ക് സാധിച്ചിരുന്നു. ചൈനയും അമേരിക്കയുമായിരുന്നു അന്ന് ഇന്ത്യക്ക് മുകളിൽ ഉണ്ടായിരുന്നത്.

ഏതായാലും രണ്ടാംഘട്ട വിൽപ്പനക്ക് ശേഷം ഇനിയും കൂടുതൽ ടിക്കറ്റുകൾ ഇന്ത്യൻ ആരാധകർ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഇത്തവണത്തെ വേൾഡ് കപ്പ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *