യൂറോ ഗോൾഡൻ ബൂട്ട് 6 പേർക്ക്,റോഡ്രിക്കും യമാലിനും അവാർഡ്
ഇന്നലെ യുവേഫ യൂറോ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ വിജയം നേടാൻ സ്പെയിനിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.നിക്കോ വില്യംസ്,ഒയർസബാൽ എന്നിവർ നേടിയ ഗോളുകളാണ് സ്പെയിനിന് വിജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ ഗോൾ നേടിയത് പകരക്കാരനായി വന്ന കോൾ പാൽമറായിരുന്നു.
അർഹിച്ച കിരീടമാണ് സ്പെയിൻ സ്വന്തമാക്കിയിട്ടുള്ളത്. കൂടാതെ വ്യക്തിഗത അവാർഡുകളും സ്പെയിൻ വാരിക്കൂട്ടിയിട്ടുണ്ട്. ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അവരുടെ മധ്യനിരയിലെ സൂപ്പർതാരമായ റോഡ്രിയാണ് സ്വന്തമാക്കിയിട്ടുള്ളത്.ഡാനി ഒൽമോ,ഫാബിയാൻ റൂയിസ്,ലാമിൻ യമാൽ എന്നിവർക്കൊക്കെ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നുവെങ്കിലും റോഡ്രി ഇവരെയെല്ലാം മറികടന്നുകൊണ്ട് പുരസ്കാരം സ്വന്തമാക്കുകയായിരുന്നു. ഇതോടെ താരത്തിന്റെ ബാലൺഡി’ഓർ സാധ്യതകൾ വർദ്ധിക്കുകയും ചെയ്തു.
അതേസമയം യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരിക്കുന്നത് 6 താരങ്ങളാണ്.3 ഗോളുകൾ വീതം നേടിയ ആറ് താരങ്ങൾ ഇത് പങ്കിട്ടെടുക്കുകയായിരുന്നു. അതിലൊരു താരം ഇംഗ്ലീഷ് നായകനായ ഹാരി കെയ്നാണ്.സ്പെയിനിന്റെ ഒൽമോ,നെതർലാന്റ്സിന്റെ ഗാക്പോ,ജോർജിയയുടെ ജിയോർജസ്, ജർമ്മനിയുടെ ജമാൽ മുസിയാല,സ്ലോവാക്യയുടെ ഇവാൻ ശ്രാൻസ് എന്നിവരാണ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം ലാമിൻ യമാലും ഒരു പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. ടൂർണമെന്റ് ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരമാണ് ഈ 17 കാരൻ കരസ്ഥമാക്കിയിട്ടുള്ളത്. അർഹിച്ച പുരസ്കാരമാണ് താരം സ്വന്തമാക്കിയിട്ടുള്ളത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഫൈനൽ മത്സരത്തിൽ ഒരു അസിസ്റ്റ് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. കൂടാതെ ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് ആയിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് നിക്കോ വില്യംസാണ്. മിന്നുന്ന പ്രകടനമായിരുന്നു താരം പുറത്തെടുത്തിരുന്നത്. ഇങ്ങനെ സ്പാനിഷ് ആധിപത്യമാണ് എല്ലായിടത്തും നമുക്ക് കാണാൻ സാധിക്കുക.