യൂറോ കപ്പിൽ സ്പെയിനിനൊപ്പം :കാരണം വ്യക്തമാക്കി സ്‌കലോണി!
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിൽ തകർപ്പൻ പ്രകടനമാണ് വമ്പൻമാരായ സ്പെയിൻ നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച നാല് മത്സരങ്ങളിലും അവർ വിജയം സ്വന്തമാക്കിയിട്ടുണ്ട്.ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ജർമ്മനിയാണ് അവരുടെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 9:30നാണ് ഈയൊരു മത്സരം അരങ്ങേറുക.
അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി ഇപ്പോൾ കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനലിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം സ്പെയിനിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. യൂറോ കപ്പിൽ താൻ സ്പെയിനിനൊപ്പമാണ് എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.അതിന്റെ കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത് സ്പാനിഷ് പരിശീലകനെയും തന്റെ കുടുംബത്തെയുമാണ്.സ്‌കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“യൂറോ കപ്പിൽ ഞാൻ സ്പെയിനിനൊപ്പമാണ്. കാരണം അവരുടെ പരിശീലകനായ ലൂയിസ് എന്റെ കോച്ചിംഗ് സ്കൂളിലെ ടീച്ചറായിരുന്നു.അതുകൊണ്ടുതന്നെ സ്പെയിൻ മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്.എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. കൂടാതെ എന്റെ കുടുംബത്തിന്റെ ഒരു ഭാഗം സ്പാനിഷാണ്. ഇക്കാരണത്താലും സ്പെയിൻ മികച്ച രീതിയിൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കോപ്പ അമേരിക്കയിൽ അർജന്റീനയും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. നാളെ രാവിലെ 6:30ന് നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സി കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.