യൂറോ കപ്പിലും മെസ്സി തരംഗം,ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിച്ച് എതിർ ആരാധകർ!
ഇന്നലെ യൂറോ കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന് ശേഷമാണ് പോർച്ചുഗൽ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ കോൺസിസാവോ നേടിയ ഗോളാണ് പോർച്ചുഗലിന് വിജയം സമ്മാനിച്ചത്.
ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഒരു മത്സരമായിരുന്നു ഇത്. എന്തെന്നാൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ ഇറങ്ങിയിരുന്നു. 6 യൂറോ കപ്പുകളിൽ പങ്കെടുക്കുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കുകയും ചെയ്തു. അദ്ദേഹത്തിന് ഗോളടിക്കാൻ കഴിഞ്ഞില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. മൂന്ന് തവണ അദ്ദേഹം ഓഫ്സൈഡ് വലയിൽ കുരുങ്ങുകയും ചെയ്തു.
ഇതിനിടെ പോർച്ചുഗീസ് ആരാധകരെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പ്രകോപിപ്പിക്കാൻ വേണ്ടി ചെക്ക് റിപ്പബ്ലിക് ആരാധകർ ഒരു പണി ഒപ്പിച്ചിട്ടുണ്ട്.മറ്റൊന്നുമല്ല,ലയണൽ മെസ്സിയുടെ പേര് ഇവർ ഒന്നിച്ച് ചാന്റ് ചെയ്യുകയായിരുന്നു. അങ്ങനെ മെസ്സിയുടെ പേര് ചാന്റ് ചെയ്തുകൊണ്ടാണ് ചെക്ക് ആരാധകർ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്.അതിന്റെ കാരണം എല്ലാവർക്കും അറിയാമല്ലോ.
യൂറോ കപ്പിലും മെസ്സി തരംഗം എന്നാണ് ഇതേക്കുറിച്ച് മെസ്സി ആരാധകർ അവകാശപ്പെടുന്നത്. നേരത്തെ സൗദി അറേബ്യയിലും ഇതിന് സമാനമായ അനുഭവങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ലയണൽ മെസ്സിക്കും റൊണാൾഡോയുടെ പേര് ചാന്റ് എതിർ ആരാധകരിൽ നിന്നും കേൾക്കേണ്ടി വരാറുമുണ്ട്.നിലവിൽ കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് മെസ്സിയും അർജന്റീനയും ഉള്ളത്. ആദ്യ മത്സരത്തിൽ കാനഡയാണ് അവരുടെ എതിരാളികൾ.