യൂറോയിൽ വെറും നിഴലായി ബ്രൂണോ ഫെർണാണ്ടസ്, വിമർശനവുമായി മൊറീഞ്ഞോ!

ഈ യൂറോ കപ്പിലെ പോർച്ചുഗല്ലിന്റെ ആദ്യരണ്ട് മത്സരങ്ങളിലും തിളങ്ങാൻ സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിന് സാധിച്ചിരുന്നില്ല. ഒരു ഗോളോ ഒരു അസിസ്റ്റോ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടാവാത്തത് ആരാധകർക്ക് നിരാശ പകർന്നിരുന്നു. പ്രീമിയർ ലീഗിൽ യുണൈറ്റഡിന് വേണ്ടി മിന്നും ഫോമിൽ കളിച്ച ബ്രൂണോ പോർച്ചുഗല്ലിൽ നിറം മങ്ങുകയായിരുന്നു. ഇപ്പോഴിതാ താരത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർ പരിശീലകനായ ഹോസെ മൊറീഞ്ഞോ.ബ്രൂണോ ഫെർണാണ്ടസ് കളത്തിൽ ഉണ്ട് എന്നല്ലാതെ അദ്ദേഹം കളിക്കുന്നത് കാണുന്നില്ലെന്നും താരം കേവലമൊരു നിഴലായി മാറി എന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം.അതേസമയം ഫ്രാൻസിനെതിരെ താരം ഫോം വീണ്ടെടുക്കുമെന്നുള്ള പ്രതീക്ഷയും മൊറീഞ്ഞോ വെച്ച് പുലർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ടോക്ക്സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പോർച്ചുഗൽ നിലവിൽ ഏറ്റവും ഉയർന്ന തലത്തിലാണുള്ളത്. അവർക്ക് ഏത് ടീമിനെയും തോൽപ്പിക്കാൻ സാധിക്കും.പക്ഷേ 11 താരങ്ങളും ടീമിനായി കളിക്കേണ്ടതുണ്ട്.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്രൂണോ ഫെർണാണ്ടസ് കളത്തിൽ ഉണ്ടായിരുന്നു എന്നല്ലാതെ കളിച്ചിട്ടില്ല.ഫ്രാൻസിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം തന്റെ ഫോം വീണ്ടെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ.കാരണം അത്ഭുതപ്പെടുത്തുന്ന കഴിവുള്ള ഒരു താരമാണ് ബ്രൂണോ.അദ്ദേഹത്തിന് പാസ് ചെയ്യാനും ഗോളുകൾ നേടാനും പെനാൽറ്റികൾ നേടികൊടുക്കാനും പെനാൽറ്റികൾ സ്കോർ ചെയ്യാനും ഫ്രീകിക്കുകൾ സ്കോർ ചെയ്യാനും കഴിവുള്ള താരമാണ്.ടീമിനായി ഒരുപാട് നൽകാൻ അദ്ദേഹത്തിന് കഴിയും. പക്ഷേ യാഥാർഥ്യം എന്തെന്നാൽ ഈ രണ്ട് മത്സരങ്ങളിലും ബ്രൂണോ ഫെർണാണ്ടസിനെ കണ്ടില്ല.ബെർണാഡോ, ക്രിസ്റ്റ്യാനോ, ജോട്ട എന്നിവരുള്ള ഒരു മികച്ച മുന്നേറ്റനിര പോർച്ചുഗല്ലിന് ഉണ്ട്.പക്ഷേ ഒരു കണക്ഷൻ ലഭിക്കണമെങ്കിൽ ബ്രൂണോ ഫോമിലേക്ക് ഉയരേണ്ടത് അത്യാവശ്യമാണ് ” മൊറീഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *