യൂറോപ്പിലുള്ള താരങ്ങൾക്ക് അർജന്റീന എന്ന വികാരം മനസ്സിലാവണമെന്നില്ല:ഡി മരിയ.
അർജന്റീന ദേശീയ ടീമിന്റെ വളരെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് എയ്ഞ്ചൽ ഡി മരിയ. നിർണായകമായ പ്രകടനങ്ങൾ എപ്പോഴും നടത്താൻ ഈ സൂപ്പർതാരത്തിന് സാധിക്കാറുണ്ട്. ഫൈനലുകളിൽ ഗോളടിക്കുന്നവൻ എന്ന് വിശേഷണം ഡി മരിയക്ക് ലഭിച്ചിട്ടുണ്ട്. 2008 ഒളിമ്പിക് ഫൈനലിൽ ഇദ്ദേഹം ഗോൾ നേടിയിരുന്നു.പിന്നീട് കോപ്പ അമേരിക്ക ഫൈനലിലും ഫൈനലിസിമയിലും ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിലുമൊക്കെ താരം ഗോളുകൾ കണ്ടെത്തിയിരുന്നു.
ഇപ്പോഴിതാ അർജന്റീന എന്ന വികാരത്തെക്കുറിച്ച് ഡി മരിയ സംസാരിച്ചിട്ടുണ്ട്. യൂറോപ്പിലുള്ള താരങ്ങൾക്ക് അർജന്റൈൻ വികാരം എന്താണ് എന്നത് മനസ്സിലാവണമെന്നില്ല എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. അർജന്റീന ദേശീയ ടീമിലേക്ക് ഓരോ തവണ വരുന്നതും അസാമാന്യമായ സന്തോഷമാണ് നൽകുന്നതെന്നും ഡി മരിയ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ വിഗ്നോളോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Ángel Di María: “For me, the players in Europe don't feel the national team as much as we do. Me, for example our national team list arrives and it is an immense joy to come back here, it’s just different.” @PolloVignolo pic.twitter.com/J5gZUCMWiM
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 1, 2023
” യൂറോപ്പിലുള്ള താരങ്ങൾക്ക് നാഷണൽ ടീമിന്റെ വികാരം എന്താണ് എന്നുള്ളത് ഞങ്ങളുടെ അത്ര മനസ്സിലാക്കാൻ സാധിക്കണം എന്നില്ല.ഞങ്ങളെ സംബന്ധിച്ചിടത്തോളം അർജന്റീന ഒരു വികാരമാണ്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ അർജന്റീന ദേശീയ ടീമിന്റെ ലിസ്റ്റ് പ്രഖ്യാപിക്കുമ്പോൾ തന്നെ ഞങ്ങൾക്ക് അസാമാന്യമായ സന്തോഷം ലഭിച്ചു തുടങ്ങും.അർജന്റീന ദേശീയ ടീമിലേക്ക് ഓരോ തവണ മടങ്ങിയെത്തുന്നതും വളരെയധികം സന്തോഷകരമായ ഒരു കാര്യമാണ്. അത് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.
ഖത്തർ വേൾഡ് കപ്പിന് ശേഷം അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കും എന്ന് ഡി മരിയ വേൾഡ് കപ്പിന് മുന്നേ പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന നേടിയതോടുകൂടി ഡി മരിയ ടീമിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. പക്ഷേ 2024 കോപ്പ അമേരിക്കക്ക് ശേഷം താൻ അർജന്റീനക്കൊപ്പം ഉണ്ടാവില്ല എന്നത് ഡി മരിയ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിൽ വെച്ചുകൊണ്ടാണ് അടുത്തവർഷം കോപ്പ അമേരിക്ക ടൂർണമെന്റ് അരങ്ങേറുന്നത്.