യമാലിന്റെ ഗോൾ ഭാഗ്യം കൊണ്ട് ലഭിച്ചത്: ഫ്രഞ്ച് പരിശീലകൻ!
യൂറോ കപ്പിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഫ്രാൻസും സ്പെയിനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സ്പെയിനിന് കഴിഞ്ഞിരുന്നു. ആദ്യം കോലോ മുവാനിയിലൂടെ ഫ്രാൻസാണ് ലീഡ് കരസ്ഥമാക്കിയത്. എന്നാൽ ലാമിൻ യമാൽ,ഡാനി ഒൽമോ എന്നിവരുടെ ഗോളുകൾ സ്പെയിനിന് വിജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ ഫ്രാൻസ് പുറത്താവുകയും ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.
മത്സരത്തിൽ സ്പെയിനിന് സമനിലഗോൾ നേടിക്കൊടുത്തത് ലാമിൻ യമാലാണ്. ബോക്സിന് വെളിയിൽ നിന്നും താരം തൊടുത്തുവിട്ട ഒരു തകർപ്പൻ ഷോട്ട് ഫ്രാൻസിന്റെ ഗോൾവല ഭേദിക്കുകയായിരുന്നു. ഒരു കിടിലൻ ഗോൾ തന്നെയാണ് ഈ 16കാരൻ നേടിയത് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഭാഗ്യത്തിന്റെ അകമ്പടിയോടുകൂടിയാണ് അത് ഗോളായി മാറിയത് എന്നാണ് ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാപ്സിന്റെ അഭിപ്രായം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“യമാലിന്റെ ഷോട്ട് ഗംഭീരമായിരുന്നു. പക്ഷേ ഭാഗ്യം കൂടി ഉള്ളതുകൊണ്ടാണ് അത് ഗോളായി മാറിയത്. എന്നിരുന്നാലും അദ്ദേഹത്തിൽ നിന്നും ക്രെഡിറ്റ് തട്ടിമാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾ അദ്ദേഹത്തിന് മുന്നിൽ കുറച്ച് ദൂരെയാണ് ഉണ്ടായിരുന്നത്. ബോക്സിന് വെളിയിൽ നിന്നും ഗോൾ നേടാൻ സാധിക്കുന്ന ഒരുപാട് മികച്ച സ്ട്രൈക്കർമാർ സ്പെയിനിന് ഉണ്ട്.അവർക്ക് ഞങ്ങൾ കുറച്ച് അധികം ഫ്രീഡം അനുവദിച്ചു. അത് വിനയായി മാറി “ഇതാണ് ഫ്രാൻസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
തോൽവി ഏറ്റുവാങ്ങിയതോടെ ഫ്രാൻസ് യൂറോ കപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു. മികച്ച താരനിര ഉണ്ടായിട്ടും സമീപകാലത്ത് യൂറോ കപ്പിൽ മുത്തമിടാൻ സാധിക്കുന്നില്ല എന്നുള്ളത് ഫ്രാൻസിന് നിരാശ നൽകുന്ന കാര്യമാണ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ ഫ്രാൻസിന് യൂറോ കപ്പിൽ നിന്നും നിരാശരായി മടങ്ങേണ്ടിവരുന്നത്.