യമാലിനെ മെസ്സി,മറഡോണ എന്നിവരെപ്പോലെ കൈകാര്യം ചെയ്യണം: സ്പെയിൻ കോച്ച്

കേവലം 16 വയസ്സ് മാത്രമുള്ള ലാമിനെ യമാൽ എന്ന യുവ പ്രതിഭ ഇപ്പോൾ ഫുട്ബോൾ ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. എഫ്സി ബാഴ്സലോണയിലെ സ്ഥിര സാന്നിദ്ധ്യമാവാൻ യമാലിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സ്പെയിനിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറാനും ഗോൾ നേടാനും ഈ യുവ സൂപ്പർ താരത്തിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്. ആരാധകർ വലിയ പ്രതീക്ഷകൾ വച്ച് പുലർത്തുന്ന ഒരു താരമാണ് യമാൽ.

സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകനായ ലൂയിസ് ഡി ലാ ഫുവന്റെ ഇപ്പോൾ ഈ യുവ പ്രതിഭയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.മെസ്സി, മറഡോണ എന്നീ ഇതിഹാസങ്ങളെ കൈകാര്യം ചെയ്തതുപോലെ യമാലിനെയും കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നാണ് സ്പാനിഷ് കോച്ച് പറഞ്ഞിട്ടുള്ളത്.അതായത് ഈ താരത്തിന്റെ മുഴുവൻ കഴിവും പുറത്തെടുക്കാനുള്ള സാഹചര്യങ്ങൾ നമ്മൾ ഒരുക്കണമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലൂയിസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫന്റാസ്റ്റിക് ആയിട്ടുള്ള കഴിവുകൾ ഉള്ള താരമാണ് യമാൽ. തീർച്ചയായും അദ്ദേഹത്തിന്റെ കാര്യത്തിൽ നമ്മൾ ഒരു അധിക പരിഗണന നൽകേണ്ടതുണ്ട്. കാരണം അദ്ദേഹം യുവതാരമാണ്.പക്ഷേ പതിനാറാം വയസ്സിൽ മെസ്സിയും മറഡോണയും എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടോ? ഇത്തരത്തിലുള്ള മികച്ച താരങ്ങൾക്ക് മുമ്പിൽ നമ്മൾ ഒരിക്കലും ലിമിറ്റുകൾ വെക്കാൻ പാടില്ല.അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകണം.അവരുടെ മുഴുവൻ കഴിവും പുറത്തെടുക്കാനുള്ള ഒരു സാഹചര്യം നമ്മൾ ഒരുക്കി നൽകണം. അതാണ് സ്പെയിനിന്റെ ദേശീയ ടീമിലും അദ്ദേഹത്തിന്റെ ക്ലബ്ബിലും ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് “സ്പാനിഷ് കോച്ച് പറഞ്ഞു.

ജോർജിയ,സൈപ്രസ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ സ്പയിനിന്റെ ദേശീയ ടീമിന് വേണ്ടി കളിക്കാൻ ഈ 16 വയസ്സുകാരന് കഴിഞ്ഞിരുന്നു.അതിൽ ജോർജിയക്കെതിരെ ഇദ്ദേഹം ഗോൾ നേടിയിരുന്നു. ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ സ്കോട്ട്ലാന്റ്, നോർവേ എന്നിവർക്കെതിരെയാണ് സ്പെയിൻ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *