യമാലിനെ പോലെയുള്ള താരങ്ങൾ ഒരു അനുഗ്രഹം: ബാഴ്സയുടെ ആശങ്കയോട് പ്രതികരിച്ച് സ്പെയിൻ കോച്ച്!
കഴിഞ്ഞ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ വമ്പൻമാരായ സ്പെയിനിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.സെർബിയയായിരുന്നു യൂറോ ജേതാക്കളെ ഗോൾ രഹിത സമനിലയിൽ തളച്ചത്. സ്പെയിനിന്റെ യുവ സൂപ്പർതാരമായ ലാമിൻ യമാൽ മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ചിരുന്നു.ഇത് അദ്ദേഹത്തിന്റെ ക്ലബ്ബായ ബാഴ്സലോണക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്.കാരണം താരത്തിന്റെ വർക്ക് ലോഡ് ഇപ്പോൾ കൂടുതലാണ്. ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും നിരവധി മത്സരങ്ങളാണ് ഈ പ്രായത്തിൽ തന്നെ യമാലിന് കളിക്കേണ്ടി വരുന്നത്.
കഴിഞ്ഞ യൂറോ അവസാനിച്ചതിനുശേഷം ചെറിയ ഒരു ബ്രേക്ക് മാത്രമാണ് താരത്തിന് ലഭിച്ചിട്ടുള്ളത്. തുടർന്ന് പുതിയ സീസണിൽ ബാഴ്സക്ക് വേണ്ടി എല്ലാ മത്സരങ്ങളും അദ്ദേഹം സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്പെയിനിനു വേണ്ടി രണ്ട് മത്സരങ്ങളും അദ്ദേഹം കളിക്കുന്നു. എന്നാൽ താരത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് സ്പെയിൻ പരിശീലകനായ ലൂയിസ് ഡി ലാ ഫുവന്റെ പറഞ്ഞിട്ടുണ്ട്. യമാലിനെ പോലെയുള്ള താരങ്ങൾ ഉണ്ടാകുന്നത് ഒരു അനുഗ്രഹമാണ് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“യമാലിനെ പോലെയുള്ള താരങ്ങൾ ഉണ്ടാകുന്നത് ഒരു അനുഗ്രഹമാണ്. ഒരുപാട് മത്സരങ്ങൾ കളിക്കാൻ കപ്പാസിറ്റിയുള്ള താരമാണ് അദ്ദേഹം.വളരെ പെർഫെക്റ്റ് ആയ ഒരു താരമാണ്.ഈ ഇന്റർനാഷണൽ ബ്രേക്കിൽ 180 മിനിറ്റ് കളിക്കാൻ സാധിക്കില്ലെങ്കിൽ അത് എന്നെ നേരത്തെ അറിയിക്കണം. ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച താരങ്ങളെയാണ് അണിനിരത്തുക. കാരണം ഈ രാജ്യത്തിന് ഏറ്റവും മികച്ച റിസൾട്ട് ആവശ്യമുണ്ട്.ക്ലബ്ബ് അടിസ്ഥാനത്തിൽ താരങ്ങൾക്ക് മിനിറ്റുകൾ നൽകുക എന്നുള്ളത് അനീതിയാണ്. അത് ഞാൻ ചെയ്യില്ല “ഇതാണ് സ്പെയിൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ബാഴ്സക്ക് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ചു എന്ന് കരുതി യമാലിന് വിശ്രമം നൽകിയില്ല എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇനി അടുത്ത മത്സരത്തിൽ സ്വിറ്റ്സർലാന്റാണ് സ്പെയിനിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് മത്സരം നടക്കുക.