യമാലിനെ അധികനേരം കളിപ്പിച്ചാൽ സ്പെയിനിന് ഫൈൻ ഉറപ്പ്!
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ ഒരു കിടിലൻ മത്സരമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ സ്പെയിനും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ജർമ്മനിയിലെ ബെർലിനിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.
നിലവിൽ സ്പെയിനിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളിൽ ഒരാളാണ് 17 കാരനായ ലാമിൻ യമാൽ.ഈ യൂറോ കപ്പിൽ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിലും താരം ഉണ്ടാകും എന്നുറപ്പാണ്. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയാണെങ്കിൽ എക്സ്ട്രാ ടൈമിലും അദ്ദേഹത്തെ കളിപ്പിക്കാൻ സ്പാനിഷ് പരിശീലകൻ നിർബന്ധിതനായേക്കും.
എന്നാൽ അധികനേരം യമാലിനെ കളിപ്പിച്ചാൽ സ്പെയിൻ ടീമിന് ഫൈൻ വരും.ഇവിടെ തടസ്സമായി നിലകൊള്ളുന്നത് ജർമ്മനിയിലെ നിയമം തന്നെയാണ്. അതായത് അവിടുത്തെ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള വ്യക്തികളെക്കൊണ്ട് രാത്രി 11 മണിക്ക് ശേഷം ജോലി എടുപ്പിക്കാൻ പാടില്ല. അങ്ങനെ ജോലി എടുത്തു എന്ന് തെളിഞ്ഞാൽ മുപ്പതിനായിരം യൂറോ ഫൈനായി കൊണ്ട് നൽകേണ്ടതുണ്ട്.പ്രൊഫഷണൽ അത്‌ലറ്റുകൾക്കും ഇത് ബാധകമാണ്.
അതായത് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും യമാൽ അതിൽ കളിക്കുകയും ചെയ്യുകയാണെങ്കിൽ ജർമനിയിലെ 11 മണി പിന്നിടും.അപ്പോൾ 30000 യൂറോ സ്പെയിൻ പിഴ നൽകേണ്ടിവരും. എന്നാൽ ഇത്തരത്തിലുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് ജർമ്മൻ ഗവൺമെന്റ് പിഴ എഴുതി തള്ളും എന്ന് തന്നെയാണ് സ്പാനിഷ് ഫെഡറേഷൻ പ്രതീക്ഷിക്കുന്നത്. അതിനുള്ള സാധ്യത ഉണ്ടെന്ന് അവിടുത്തെ വക്കീലായ യോനാസും അറിയിച്ചിട്ടുണ്ട്. പക്ഷേ ഫൈൻ അടക്കേണ്ടി വന്നാലും യമാലിനെ കളിപ്പിക്കാൻ തന്നെയായിരിക്കും സ്പെയിനിന്റെ തീരുമാനം.