മെസ്സി Vs സലാ,അർജന്റീന ഈജിപ്തിനെതിരെ സൗഹൃദ മത്സരം കളിച്ചേക്കും,സാധ്യമായില്ലെങ്കിൽ UAE!

വരുന്ന വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നായ അർജന്റീന മികച്ച രൂപത്തിലുള്ള തയ്യാറെടുപ്പുകളാണ് ലക്ഷ്യം വെക്കുന്നത്. വേൾഡ് കപ്പിന് മുന്നേ സൗഹൃദമത്സരങ്ങൾ അർജന്റീനക്ക് കളിക്കേണ്ടതുണ്ട്. പക്ഷേ എതിരാളികളെ ഇതുവരെ അർജന്റീന നിശ്ചയിച്ചിട്ടില്ല.

ഏതായാലും കഴിഞ്ഞദിവസം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണിയും AFA പ്രസിഡന്റായ ടാപ്പിയയും തമ്മിൽ ഒരു ചർച്ച നടത്തിയിരുന്നു.ഈയൊരു ചർച്ചയിൽ ഈജിപ്തിനെതിരെ സൗഹൃദ മത്സരം കളിക്കാൻ അർജന്റൈൻ ടീം ഇപ്പോൾ തീരുമാനമെടുത്തിട്ടുണ്ട്. നവംബർ പത്താം തീയതി പതിനാറാം തീയതിക്കും ഇടയിലുള്ള ഒരു ദിവസമായിരിക്കും ഈ മത്സരം നടക്കുക.UAE യുടെ തലസ്ഥാനമായ അബുദാബിയിൽ വെച്ച് ഈ മത്സരം സംഘടിപ്പിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്.

എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും ഒഫീഷ്യൽ പ്രഖ്യാപനമുണ്ടാവുക. ഇത് സാധ്യമാവുകയാണെങ്കിൽ ലയണൽ മെസ്സിയും മുഹമ്മദ് സലായും നേർക്കുനേർ വരുന്നു എന്നുള്ള ഒരു പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ടാവും.

അതേസമയം ഈജിപ്തിനെതിരെയുള്ള മത്സരം സാധ്യമായില്ലെങ്കിൽ അർജന്റീന എതിരാളികളായി കൊണ്ട് പരിഗണിക്കുന്നത് UAE യെയാണ്. പക്ഷേ ഈ വിഷയങ്ങളിൽ ഇനിയും കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ട്. പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2008-ൽ അർജന്റീനയും ഈജിപ്തും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഈജിപ്തിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു.സെർജിയോ അഗ്വേറോ,നിക്കോളാസ് ബർഡിസോ എന്നിവരായിരുന്നു അന്ന് അർജന്റീനയുടെ ഗോളുകൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *