മെസ്സി സ്പെയിനിനെ തിരഞ്ഞെടുത്തിരുന്നുവെങ്കിൽ ചുരുങ്ങിയത് രണ്ട് വേൾഡ് കപ്പെങ്കിലും ലഭിക്കുമായിരുന്നു:മുൻ സ്പാനിഷ് താരം

സൂപ്പർ താരം ലയണൽ മെസ്സിക്ക് അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ആദ്യ വർഷങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഒരു ഇന്റർനാഷണൽ ട്രോഫി ഇല്ലാത്തതിന്റെ പേരിൽ സ്വന്തം ആരാധകർ തന്നെ മെസ്സിയെ വേട്ടയാടിയിരുന്നു.പക്ഷേ എല്ലാവർക്കും മറുപടി നൽകാൻ ഇപ്പോൾ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഒരല്പം പ്രതിസന്ധികൾ വേണ്ടി വന്നെങ്കിലും ഇന്ന് അർജന്റീന ദേശീയ ടീമിനോടൊപ്പം സാധ്യമായതെല്ലാം മെസ്സി തന്റെ ഷെൽഫിൽ എത്തിച്ചു കഴിഞ്ഞു.

ലയണൽ മെസ്സിയെ സ്പെയിനിന്റെ ദേശീയ ടീമിലേക്ക് എത്തിക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ മെസ്സി അത് നിരസിക്കുകയായിരുന്നു.അർജന്റീന ദേശീയ ടീമിനോടൊപ്പം തുടരാൻ മെസ്സി തീരുമാനിച്ചു. എന്നാൽ മുൻ സ്പാനിഷ് താരമായിരുന്ന മരിയാനോ പെർനിയ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. മെസ്സി സ്പെയിനിന് വേണ്ടി കളിച്ചിരുന്നു എങ്കിൽ ചുരുങ്ങിയത് 2 വേൾഡ് കപ്പ് കിരീടമെങ്കിലും നേടാൻ സാധിക്കുമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പെർനിയയുടെ വാക്കുകൾ ഇങ്ങനെയാണ്.

” അർജന്റീനയിൽ ഒരു സമയത്ത് നമ്മൾ ലയണൽ മെസ്സിയെ അർഹിച്ചിരുന്നില്ല. കാരണം ഒരുപാട് വിമർശനങ്ങൾ അർജന്റീനക്കാർ തന്നെ അദ്ദേഹത്തിന് നേരെ അഴിച്ചുവിട്ടു.ഞാൻ ഇവിടെയുള്ള എല്ലാവരോടും പറയാറുണ്ട്, മെസ്സി സ്പെയിനിന് വേണ്ടി കളിച്ചിരുന്നുവെങ്കിൽ ചുരുങ്ങിയത് 2 വേൾഡ് കപ്പ് കിരീടമെങ്കിലും നേടാൻ സാധിക്കുമായിരുന്നു എന്നുള്ളത്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. 2010ലെ വേൾഡ് കപ്പ് സ്പെയിൻ നേടുമ്പോൾ മെസ്സി അവിടെ ഉണ്ടാകുമായിരുന്നു.മാത്രമല്ല 2014ലെ വേൾഡ് കപ്പ് സ്പെയിനിൽ നേടാൻ സാധിക്കുമായിരുന്നു. മെസ്സി അത്രയും മികച്ച നിലയിലായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്.കരിയറിന്റെ തുടക്കത്തിൽ തന്നെ രണ്ടു വേൾഡ് കപ്പുകൾ നേടാൻ മെസ്സിക്ക് സാധിക്കുമായിരുന്നു ” ഇതാണ് പെർനിയ പറഞ്ഞിട്ടുള്ളത്.

അർജന്റീനയിൽ ജനിച്ചുവളർന്നിട്ടുള്ള വ്യക്തിയാണ് പെർനിയ.എന്നാൽ അദ്ദേഹം സ്പെയിനിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് സ്പാനിഷ് ദേശീയ ടീമിന് വേണ്ടി കളിക്കുകയായിരുന്നു.11 മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. മെസ്സിയെ സ്വന്തമാക്കാൻ പരമാവധി ശ്രമങ്ങൾ സ്പെയിൻ നടത്തിയിരുന്നുവെങ്കിലും അർജന്റീനയോടുള്ള ആത്മാർത്ഥത കൊണ്ട് മെസ്സി തന്റെ ജന്മനാടിനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *