മെസ്സി സാക്ഷി,ലൗറ്ററോ മിന്നി, തകർപ്പൻ വിജയവുമായി അർജന്റീന!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അർജന്റീന ഗംഭീര വിജയം നേടിയിട്ടുണ്ട്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന പെറുവിനെ പരാജയപ്പെടുത്തിയത്. തിളങ്ങിയത് മറ്റാരുമല്ല ലൗറ്ററോ മാർട്ടിനസ് തന്നെയാണ്.രണ്ട് ഗോളുകളും നേടിയത് അദ്ദേഹമാണ്.
ലയണൽ മെസ്സി ഉൾപ്പെടെയുള്ള പല സുപ്രധാന താരങ്ങളും കളിക്കാത്ത ഒരു മത്സരമായിരുന്നു ഇത്.ലൗറ്ററോ,ഡി മരിയ,ഗർനാച്ചോ എന്നിവരായിരുന്നു അർജന്റീനയുടെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്.മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലൗറ്ററോ അർജന്റീന മുന്നിൽ എത്തിച്ചു.ഡി മരിയയുടെ അസിസ്റ്റിൽ നിന്നാണ് താരത്തിന്റെ ആദ്യ ഗോൾ പിറന്നത്. പിന്നീട് 72ആം മിനിറ്റിൽ അർജന്റീനക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു.
അത് പരേഡസാണ് എടുത്തത്. അദ്ദേഹത്തിന് പിഴക്കുകയായിരുന്നു.എന്നാൽ മറ്റൊരു ഗോൾ കൂടി ലൗറ്ററോ നേടിയതോടെ അർജന്റീന വിജയം ഉറപ്പിച്ചു ലയണൽ മെസ്സിയെ സാക്ഷിയാക്കി കൊണ്ടാണ് ലൗറ്ററോ ഈ ഇരട്ട ഗോളുകൾ നേടിയിട്ടുള്ളത്. ഗോളുകൾ നേടിയതിനു ശേഷം മെസ്സിയെ ആലിംഗനം ചെയ്യാനും താരം മറന്നില്ല. ഏതായാലും മൂന്നു മത്സരങ്ങളിൽ മൂന്നും വിജയിച്ചുകൊണ്ട് ഗംഭീരമായാണ് അർജന്റീന അടുത്ത മത്സരത്തിന് വരുന്നത്.