മെസ്സി വേൾഡ് കപ്പ് നേടിയപ്പോൾ ഒരു പട്ടിക്കുട്ടിയെ പോലെ തുള്ളിച്ചാടി : ഡച്ച് ഇതിഹാസം പറയുന്നു!
വേൾഡ് കപ്പ് കിരീടം നേടുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞ വർഷം ഖത്തറിൽ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്. ലയണൽ മെസ്സി തന്നെയായിരുന്നു അർജന്റീനയുടെ നായകൻ. വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി മെസ്സിക്ക് ഇനി ഒന്നും തന്നെ നേടാൻ ലോക ഫുട്ബോളിൽ അവശേഷിക്കുന്നില്ല.
ഏതായാലും ലയണൽ മെസ്സി കിരീടം നേടിയത് ഫുട്ബോൾ ലോകത്തെ ഒരുപാട് പേരെ സന്തോഷിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ട ഒരു വ്യക്തിയാണ് ഡച്ച് ഇതിഹാസവും മുൻ ബാഴ്സ പരിശീലകനുമായിരുന്ന ഫ്രാങ്ക് റൈക്കാർഡ്. ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ താനൊരു പട്ടിക്കുഞ്ഞിനെ പോലെ തുള്ളിച്ചാടി എന്നാണ് റൈക്കാർഡ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
La Liga: Former Barcelona Boss Reveals Emotions After Messi Won 2022 World Cup https://t.co/QCTLT4DMju
— PSG Talk (@PSGTalk) January 20, 2023
” വേൾഡ് കപ്പ് ഫൈനലിനു ശേഷം എന്റെ കണ്ണീർ തൂകി കൊണ്ടല്ല ഞാൻ ആഘോഷിച്ചത്. മറിച്ച് ഞാൻ ഒരു പട്ടിക്കുട്ടിയെ പോലെ തുള്ളിച്ചാടുകയായിരുന്നു.അതിന്റെ കാരണം ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടി എന്നുള്ളത് തന്നെയാണ്. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ മത്സരം ഞാൻ കണ്ടിരുന്നത് ഒരു ലയണൽ മെസ്സി ആരാധകൻ എന്ന നിലയിലായിരുന്നു.മെസ്സിക്ക് എന്താണോ ആവശ്യം അത് അദ്ദേഹം നേടിയെടുക്കുക തന്നെ ചെയ്തു. മെസ്സി അർഹിച്ച കിരീടമാണ് സ്വന്തമാക്കിയിട്ടുള്ളത് ” ഇതാണ് ഫ്രാങ്ക് റൈക്കാർഡ് പറഞ്ഞിട്ടുള്ളത്.
ഡച്ച് ഇതിഹാസമായ ഇദ്ദേഹം 2003 മുതൽ 2008 വരെ ദീർഘകാലം ബാഴ്സയെ പരിശീലിപ്പിച്ച പരിശീലകനാണ്. ലയണൽ മെസ്സിയെ സീനിയർ ടീമിലേക്ക് കൊണ്ടുവന്നത് ഇദ്ദേഹമാണ്. പിന്നീട് ഇദ്ദേഹത്തിന്റെ പകരക്കാരനായി കൊണ്ടാണ് പെപ് ഗ്വാർഡിയോളാ ബാഴ്സയിൽ പരിശീലകനായി എത്തിയിരുന്നത്.