മെസ്സി യേശു ക്രിസ്തുവല്ലല്ലോ : അർജന്റൈൻ ഇതിഹാസം ബാറ്റിസ്റ്റ്യൂട്ട പറയുന്നു!

ലയണൽ മെസ്സിയുടെ കരിയറിൽ ഉടനീളം അദ്ദേഹത്തെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത് അർജന്റീനയുടെ ദേശീയ ടീമിനൊപ്പം ഒരു കിരീടം ഇല്ലാത്തതായിരുന്നു. അതുകൊണ്ടുതന്നെ അർജന്റീനക്ക് വേണ്ടി കളിക്കുമ്പോൾ എല്ലാം തന്നെ വലിയ സമ്മർദ്ദം മെസ്സിക്ക് അനുഭവപ്പെട്ടിരുന്നു.എന്നാൽ കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കിരീടം അർജന്റീനക്കൊപ്പം നേടാൻ മെസ്സിക്ക് സാധിച്ചു. ഇതിനുശേഷം വളരെയധികം സ്വതന്ത്രനായ ഹാപ്പിയായ മെസ്സിയെയാണ് അർജന്റീനയിൽ ഇപ്പോൾ കാണാൻ സാധിക്കുക.

ഏതായാലും ഈ കാര്യത്തെക്കുറിച്ച് അർജന്റീനയുടെ ഇതിഹാസതാരമായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മുമ്പ് അർജന്റീനയിൽ ഉള്ളവർ മെസ്സിയെ യേശുക്രിസ്തുവാക്കിക്കൊണ്ട് അഥവാ ദൈവമാക്കിക്കൊണ്ട് എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിന്റെ ചുമലിൽ ഏൽപ്പിക്കുമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിന് മാറ്റങ്ങൾ വന്നു കഴിഞ്ഞു എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ബാറ്റിസ്റ്റ്യൂട്ടയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരുപാടുകാലം നമ്മൾ എല്ലാ ഉത്തരവാദിത്തങ്ങളും മെസ്സിയിലായിരുന്നു കെട്ടിവച്ചിരുന്നത്. നമുക്കൊരു യേശുക്രിസ്തു ഉണ്ടെങ്കിൽ അത് മെസ്സിയാണ് എന്ന് കരുതി എല്ലാം അദ്ദേഹത്തെ ഏൽപ്പിച്ചു. തീർച്ചയായും മെസ്സി മികച്ച താരമാണ്. പക്ഷേ അദ്ദേഹം യേശുക്രിസ്തുവൊന്നുമല്ല. അങ്ങനെ എല്ലാ ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചത് ഒരുപാട് കാലം നമുക്ക് ഡാമേജ് ഉണ്ടാക്കി. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറിയിട്ടുണ്ട്. മെസ്സിയുടെ ഈ സഹതാരങ്ങൾ അദ്ദേഹത്തെ സ്വതന്ത്രനാക്കി. മത്സരത്തിൽ മെസ്സിക്ക് പാസ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കുന്നില്ലെങ്കിൽ തൊട്ടടുത്ത് വേറെയും മികച്ച താരങ്ങൾ ലഭ്യമാണ്. ഒരു മികച്ച ടീമിനൊപ്പം കളിക്കുന്നതാണ് മെസ്സി ഏറെ ഇഷ്ടപ്പെടുന്ന കാര്യം ” ഇതാണ് ബാറ്റിസ്റ്റ്യൂട്ട പറഞ്ഞിട്ടുള്ളത്.

നിലവിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ലയണൽ മെസ്സിയാണ്. രണ്ടാം സ്ഥാനത്താണ് ബാറ്റിസ്റ്റ്യൂട്ട നിലകൊള്ളുന്നത്. ഇതുവരെ 86 ഗോളുകൾ അർജന്റീനക്ക് വേണ്ടി നേടിയ മെസ്സി ഇനിയും ഒരുപാട് ഗോളുകൾ നേടുമെന്നും ബാറ്റിസ്റ്റ്യൂട്ട കൂട്ടിച്ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *