മെസ്സി ബുദ്ധിമുട്ടുന്നത് ഞങ്ങൾക്ക് സഹിക്കാനാവാത്ത കാര്യം:ലോ ചെൽസോ
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനൽ മത്സരം ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. കാരണം മത്സരത്തിനിടെ മെസ്സിക്ക് ഗുരുതരമായി പരിക്കേറ്റു.തുടർന്ന് അദ്ദേഹത്തിന് കളിക്കളം വിടേണ്ടി വരുകയായിരുന്നു.കരഞ്ഞു കൊണ്ടാണ് മെസ്സി കളം വിട്ടത്. മത്സരം പൂർത്തിയാക്കാനാവാത്ത സങ്കടത്തിൽ അദ്ദേഹം ബെഞ്ചിൽ ഇരുന്നുകൊണ്ടും കരഞ്ഞിരുന്നു. പക്ഷേ അധികം വൈകാതെ തന്നെ സന്തോഷത്താൽ ചിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കാരണം ലൗറ്ററോ മാർട്ടിനസ് അർജന്റീനക്കുവേണ്ടി വിജയഗോൾ നേടുകയായിരുന്നു. ആ സമയത്ത് ലയണൽ മെസ്സിയെ ആദ്യം ഹഗ് ചെയ്ത താരങ്ങളിൽ ഒരാൾ മധ്യനിരതാരമായ ലോ ചെൽസോയാണ്.ഇതേക്കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി ബുദ്ധിമുട്ടുന്നത് സഹതാരങ്ങൾക്ക് സഹിക്കാനാവാത്ത ഒരു കാര്യമാണ് എന്നാണ് ലോ ചെൽസോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളുടെ എംബ്ലവും ക്യാപ്റ്റനും ലയണൽ മെസ്സിയാണ്. എപ്പോഴും കളത്തിൽ തുടരാൻ ആഗ്രഹിക്കുന്ന താരമാണ് മെസ്സി.നിർഭാഗ്യവശാൽ അദ്ദേഹത്തിന് കളിക്കളത്തിൽ തുടരാൻ കഴിഞ്ഞില്ല.സഹതാരങ്ങൾ എന്ന നിലയിലും സുഹൃത്തുക്കൾ എന്ന നിലയിലും മെസ്സി ബുദ്ധിമുട്ടുന്നത് ഞങ്ങൾക്ക് ഒരിക്കലും സഹിക്കാനാവാത്ത ഒരു കാര്യമാണ്. ആ ഗോൾ വന്ന സമയത്ത് ഞാൻ ആദ്യം ചെയ്തത് മെസ്സിയെ പോയി ഹഗ് ചെയ്തു എന്നുള്ളതാണ്. കാരണം ആരെക്കാളും അത് അർഹിച്ചത് മെസ്സിയാണ്.ആ ഗോൾ മെസ്സിക്ക് ഡെഡിക്കേറ്റ് ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത് ” ഇതാണ് ലോ ചെൽസോ പറഞ്ഞിട്ടുള്ളത്.
മെസ്സിക്ക് ആ പരിക്കിൽ നിന്നും മുക്തനാവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.ഇന്റർമയാമി ടീമിനോടൊപ്പം അദ്ദേഹം ട്രെയിനിങ് ആരംഭിച്ചിട്ടില്ല. അടുത്തമാസം തുടക്കത്തിൽ തന്നെ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്.ആ മത്സരങ്ങളിൽ എങ്കിലും മെസ്സി കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.