” മെസ്സി ന്യൂവെൽസ് ഓൾഡ് ബോയ്സിൽ തിരിച്ചെത്തും “

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി ഏത് ക്ലബ്ബിലാകുമെന്നുള്ളത് ഇപ്പോഴും ഫുട്ബോൾ ലോകത്ത് ചർച്ചാവിഷയമാണ്. താരം ബാഴ്‌സ വിടുമോ അതോ ബാഴ്‌സയിൽ തന്നെ തുടരുമോ എന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല. ഏതായാലും തനിക്ക് എംഎൽഎസ്സിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് മെസ്സി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ മെസ്സി തന്റെ കുട്ടിക്കാലക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ തിരിച്ചെത്തുമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് ക്ലബ്ബിന്റെ പരിശീലകനും മുൻ അർജന്റൈൻ താരവുമായ ജർമ്മൻ ബർഗോസ്.മെസ്സി ന്യൂവെൽസിലൂടെ കടന്നു പോവുമെന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്.പക്ഷെ ഉടനടി അത്‌ സംഭവിക്കില്ലെന്നും മെസ്സി നിലവിൽ ബാഴ്സയിൽ തന്നെ തുടരുമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലാ ക്യാപിറ്റൽ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുൻ അർജന്റൈൻ താരം മെസ്സിയെ കുറിച്ച് മനസ്സ് തുറന്നത്.

” അദ്ദേഹത്തിന്റെ കാര്യത്തിൽ എന്റെ പക്കൽ മികച്ച ഒരു പദ്ധതിയുണ്ട്.ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുന്നു.ഇനിയും ഒരുപാട് നൽകാൻ മെസ്സിക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്.അദ്ദേഹം ഇപ്പോൾ ബാഴ്സ വിടുമെന്ന് ഞാൻ കരുതുന്നില്ല.കാരണം ബാഴ്സ ന്യൂവെൽസിനെ പോലെ തന്നെ അദ്ദേഹത്തിന്റെ വീടാണ്.ഒരിക്കൽ മെസ്സി ഈ ക്ലബ്ബിലൂടെ കടന്നു പോവും.കാരണം ഡിയഗോ മറഡോണ ഇവിടെ കളിച്ചതാണ്.മെസ്സിക്കും ഇവിടെ കളിക്കണമെന്നുണ്ട്.വൈകാതെ തന്നെ അത്‌ സംഭവിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ന്യൂവെൽസ് പരിശീലകൻ പറഞ്ഞു.

അഞ്ച് വർഷത്തോളം ന്യൂവെൽസിന്റെ ജേഴ്സി അണിഞ്ഞ താരമാണ് മെസ്സി. പിന്നീടാണ് ലാ മാസിയയിലേക്ക് മെസ്സി ചേക്കേറിയത്.2019 ഒക്ടോബറിൽ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് ന്യൂവെൽസി തിരികെയെത്താൻ ആഗ്രഹമുണ്ടെന്ന് മെസ്സി തുറന്നു പറഞ്ഞിരുന്നു.പക്ഷെ തന്റെ കുടുംബം കൂടി അതിന് സമ്മതിക്കണം എന്നാണ് മെസ്സി പറഞ്ഞത്. “അർജന്റീനയിൽ ന്യൂവെൽസിന് വേണ്ടി കളിക്കണം എന്നുള്ളത് എന്റെ സ്വപ്നമാണ്. പക്ഷെ അത്‌ നടക്കുമോ എന്നറിയില്ല. കാരണം എന്റെ കുടുംബത്തെ കൂടി ഞാൻ പരിഗണിക്കേണ്ടതുണ്ട്.എന്റെ കുട്ടികളുടെ ഭാവി കൂടി ഞാൻ ചിന്തിക്കേണ്ടതുണ്ട്.ഞാൻ ഒരിടത്ത് സ്ഥിരമായി താമസിക്കുന്നു. അവിടുന്ന് മാറിയാൽ എന്റെ കുട്ടികൾക്ക് ബുദ്ധിമുട്ടാവും. ഞാൻ എന്റെ കുടുംബത്തെയുണ്ട് കുട്ടികളെയും കൺവിൻസ്‌ ചെയ്യാൻ ശ്രമിക്കും. അതിന് ശേഷം തീരുമാനമെടുക്കും ” ഇതായിരുന്നു അന്ന് മെസ്സി പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *