മെസ്സി കഴിഞ്ഞാൽ അർജന്റീനയിലെ മികച്ച താരം, എന്തുകൊണ്ട് ടീമിലെടുക്കുന്നില്ല? സ്കലോണിയോട് ബ്രസീലിയൻ താരം ചോദിക്കുന്നു.

സൗത്ത് അമേരിക്കൻ ചാമ്പ്യൻസ് ലീഗ് എന്നറിയപ്പെടുന്ന കോപ ലിബർട്ടഡോറസ് കിരീടം ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസായിരുന്നു സ്വന്തമാക്കിയിരുന്നത്. അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിനെയാണ് അവർ പരാജയപ്പെടുത്തിയത്. തകർപ്പൻ പ്രകടനമായിരുന്നു ഫ്ലുമിനൻസിന് വേണ്ടി ഈ സീസണിൽ അർജന്റൈൻ സൂപ്പർ താരമായ ജർമൻ കാനോ നടത്തിയിരുന്നത്. 13 ഗോളുകളും രണ്ട് അസിസ്റ്റുകളും കോപ ലിബർട്ടഡോറസിൽ മാത്രമായി കൊണ്ട് അദ്ദേഹം നേടുകയായിരുന്നു. ബ്രസീൽ ലീഗിൽ ഏഴു ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.

എന്നാൽ അർജന്റീനയുടെ നാഷണൽ ടീമിലേക്കുള്ള വിളി ഇതുവരെ അദ്ദേഹത്തെ തേടി എത്തിയിട്ടില്ല. ഇക്കാര്യത്തിൽ ഫ്ലുമിനൻസിന്റെ ബ്രസീലിയൻ താരമായ ഫെലിപെ മെലോ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ലയണൽ മെസ്സി കഴിഞ്ഞാൽ അർജന്റീനയിലെ ഏറ്റവും മികച്ച താരം കാനോയാണെന്നും സ്കലോണി അദ്ദേഹത്തെ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തുന്നില്ല എന്നത് തനിക്ക് മനസ്സിലാകുന്നില്ല എന്നുമാണ് മെലോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“സ്കലോണി എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ അദ്ദേഹത്തിനൊപ്പം കളിച്ചതാണ്. വളരെ മികച്ച ഒരു വ്യക്തിയാണ് അദ്ദേഹം. ലയണൽ മെസ്സി കഴിഞ്ഞാൽ നിലവിൽ അർജന്റീനയിലെ ഏറ്റവും മികച്ച താരം കാനോയാണ്.തീർച്ചയായും അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചുകൊണ്ട് അവസരങ്ങൾ നൽകേണ്ടതുണ്ട്. ഒരു സൗഹൃദ മത്സരം ആണെങ്കിൽ കൂടിയും അദ്ദേഹത്തിന് അവസരം നൽകേണ്ടതുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ഒരു താരമാണ് കാനോ. അർജന്റീനയിലെ നമ്പർ വൺ മെസ്സിയാണ്, നമ്പർ ടു ജർമ്മൻ കാനോയാണ് ” മെലോ പറഞ്ഞു.

വരുന്ന ഇന്റർനാഷണൽ ബ്രേക്കിലേക്കുള്ള അർജന്റീന ടീമിനെ സ്കലോണി ഇന്നലെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഈ ടീമിലും ഇടം നേടാൻ കാനോക്ക് കഴിഞ്ഞിട്ടില്ല.ലൗറ്ററോ,ഹൂലിയൻ ആൽവരസ് തുടങ്ങിയ നിരവധി സ്ട്രൈക്കർമാരെ സ്കലോണിക്ക് ലഭ്യമാണ്. അതുകൊണ്ടുതന്നെയാണ് പരിശീലകൻ കാനോയെ പരിഗണിക്കാത്തത്.

Leave a Reply

Your email address will not be published. Required fields are marked *