മെസ്സി ഉറുഗ്വയിലായിരുന്നുവെങ്കിൽ രണ്ട് വേൾഡ് കപ്പ് നേടിയേനെ:മുൻ ഇതിഹാസം

അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി ഉറുഗ്വയുടെ താരമായിരുന്നുവെങ്കിൽ ഉറുഗ്വക്കൊപ്പം രണ്ട് വേൾഡ് കപ്പുകൾ നേടാൻ മെസ്സിക്ക് കഴിയുമായിരുന്നു എന്ന വാദവുമായി മുൻ ഉറുഗ്വൻ ഇതിഹാസം ഡിയഗോ ലുഗാനോ. കഴിഞ്ഞ ദിവസം ടീ വൈ ഡിപ്പോർട്ടക്ക് നൽകിയ അഭിമുഖത്തിലാണ് ലുഗാനോ ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയത്. ഇവരെ ഉദ്ധരിച്ചു കൊണ്ട് മാർക്കയും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മെസ്സി ഉറുഗ്വക്കാരനായിരുന്നുവെങ്കിൽ 2010 ലെ വേൾഡ് കപ്പും 2014-ലെ വേൾഡ് കപ്പും ഉറുഗ്വ സ്വന്തമാക്കിയേനെ എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.ഉറുഗ്വക്ക് വേണ്ടി 95 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ലുഗാനോ.മലാഗ, വെസ്റ്റ് ബ്രോം എന്നീ ക്ലബുകൾക്ക് വേണ്ടിയും ഇദ്ദേഹം പന്ത് തട്ടിയുണ്ട്.

” മെസ്സി ഉറുഗ്വൻ താരമായിരുന്നുവെങ്കിൽ 2010-ലെ വേൾഡ് കപ്പ് ഞങ്ങൾ നേടിയേനെ.അത്പോലെ തന്നെ മെസ്സി ഉറുഗ്വൻ ആയിരുന്നുവെങ്കിൽ 2014-ലെ ബ്രസീലിയൻ വേൾഡ് കപ്പിൽ സുവാരസിനെ അവർ പുറത്താക്കുമായിരുന്നില്ല. മാത്രമല്ല ആ വേൾഡ് കപ്പ് കൂടെ നേടാൻ ഉറുഗ്വക്ക് സാധിക്കുമായിരുന്നു ” ഇതാണ് ലുഗാനോ പറഞ്ഞത്.

2010-ൽ സൗത്ത് ആഫ്രിക്കയിൽ വെച്ച് നടന്ന വേൾഡ് കപ്പിൽ നാലാം സ്ഥാനം നേടാൻ ഉറുഗ്വക്ക് സാധിച്ചിരുന്നു.സെമിയിൽ 3-2 ന് ഹോളണ്ടിനോട് പരാജയം രുചിച്ച ഉറുഗ്വ മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഇതേ സ്കോറിന് ജർമ്മനിയോട് പരാജയപ്പെടുകയായിരുന്നു.2014-ലെ വേൾഡ് കപ്പിൽ പ്രീ ക്വാർട്ടറിൽ ഉറുഗ്വ പുറത്തായിരുന്നു. ഇറ്റലിക്കെതിരെ നടന്ന മത്സരത്തിൽ കില്ലിനിയെ കടിച്ചതിന്റെ ഫലമായി സുവാരസിന് വിലക്ക് ലഭിച്ചിരുന്നു. തുടർന്ന് കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. മെസ്സി ഉണ്ടായിരുന്നുവെങ്കിൽ ഉറുഗ്വക്ക് ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *