മെസ്സി അന്യഗ്രഹ ജീവി,പക്ഷേ അർജന്റീന എപ്പോഴും അദ്ദേഹത്തെ ആശ്രയിക്കേണ്ടതില്ല: ഡി മരിയ
ഖത്തർ വേൾഡ് കപ്പിനുള്ള ഒരുക്കങ്ങളിലാണ് നിലവിൽ അർജന്റീനയിലെ സഹതാരങ്ങളായ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയുമുള്ളത്.അർജന്റീനയുടെ നിർണായക താരങ്ങളാണ് ഇരുവരും. കഴിഞ്ഞ കോപ്പ അമേരിക്കയിലെതുപോലെ രണ്ട് പേരും ചേർന്നുകൊണ്ട് അർജന്റീന വേൾഡ് കപ്പ് കിരീടത്തിലേക്ക് നയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ മെസ്സിയെക്കുറിച്ച് ഒരിക്കൽ കൂടി ഡി മരിയ സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സി അന്യഗ്രഹ ജീവിയാണെന്നും ലോകത്തിലെ ഏറ്റവും മികച്ച താരമാണ് എന്നുമാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. പക്ഷേ അർജന്റീന എപ്പോഴും മെസ്സിയെ ആശ്രയിക്കേണ്ടതില്ലെന്നും ഡി മരിയ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣️ Di María sobre Messi: "Yo siempre intento conectarme con él, buscarlo, pero también entendiendo que, aunque él pueda solucionar la jugada, no siempre hay que dársela"https://t.co/4tPv0pIwbz
— Mundo Deportivo (@mundodeportivo) November 15, 2022
” ലയണൽ മെസ്സിയുടെ ഭാഗത്തായിരിക്കുക എന്നുള്ളതാണ് എന്നെ സംബന്ധിച്ചിടത്തോളം എല്ലാം. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം.അദ്ദേഹം ഒരു അന്യഗ്രഹ ജീവിയാണ്.എനിക്ക് പറഞ്ഞുകൊണ്ട് ഒരിക്കലും മടുപ്പ് അനുഭവപ്പെടില്ല. ഞാൻ ഇനിയും പറയുക തന്നെ ചെയ്യും. ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ സാധിച്ചതാണ് എന്റെ കരിയറിൽ എനിക്ക് സംഭവിച്ചിട്ടുള്ള ഏറ്റവും മികച്ച കാര്യം. ഒരുപാട് വർഷമായി ഞങ്ങൾ ഒരുമിച്ച് ചിലവഴിക്കുന്നു.ഞാൻ എപ്പോഴും അദ്ദേഹത്തെ കണക്ട് ചെയ്യാൻ ശ്രമിക്കാറുണ്ട്. പക്ഷേ നമ്മൾ ഒരു കാര്യം കൂടി മനസ്സിലാക്കണം. കാര്യങ്ങൾ സോൾവ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമെങ്കിലും എപ്പോഴും നാം അദ്ദേഹത്തെ ആശ്രയിക്കേണ്ട കാര്യമില്ല ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മികച്ച പ്രകടനമാണ് ലയണൽ മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്.ആകെ 30 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. അതേസമയം ഈ സീസണിൽ ആയിരുന്നു ഡി മരിയ പിഎസ്ജി വിട്ടുകൊണ്ട് യുവന്റസിലേക്ക് ചേക്കേറിയത്.