മെസ്സിയെ പുറത്തിരുത്തിയേക്കും? ചർച്ച നടത്തി താരവും സ്കലോണിയും!

കോപ്പ അമേരിക്കയിലെ തങ്ങളുടെ മൂന്നാം മത്സരത്തിനുള്ള ഒരുക്കത്തിലാണ് ലയണൽ സ്കലോണിയും സംഘവും. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ഉറുഗ്വയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് അർജന്റീന. പരാഗ്വക്കെതിരെയും വിജയം തുടരാനാവുമെന്ന പ്രതീക്ഷയിലാണ് അർജന്റീനയുള്ളത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30-നാണ് അർജന്റീന കളത്തിലേക്കിറങ്ങുന്നത്. എന്നാൽ ഈ മത്സരത്തിൽ ഒരുപക്ഷെ നായകൻ ലയണൽ മെസ്സിക്ക് വിശ്രമമനുവദിക്കാനുള്ള സാധ്യതയുണ്ട് എന്ന് റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ് അർജന്റൈൻ മാധ്യമമായ ടിവൈസി സ്‌പോർട്സ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മെസ്സിയെ പുറത്തിരുത്തുന്നതുമായി ബന്ധപ്പെട്ട് താരവും പരിശീലകൻ സ്കലോണിയും തമ്മിൽ ചർച്ച നടത്തി എന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ അർജന്റീന ക്വാർട്ടർ ഉറപ്പിച്ചതാണ്.ഇനി രണ്ട് മത്സരങ്ങളാണ് അർജന്റീനക്ക് അവശേഷിക്കുന്നത്. നാളെ പരാഗ്വക്കെതിരെ നടക്കുന്ന മത്സരവും അതിന് ശേഷം ബൊളീവിയക്കെതിരെ നടക്കുന്ന മത്സരവും. ഈ മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ മെസ്സിക്ക് വിശ്രമം നൽകാം എന്ന ആലോചനയിലാണ് പരിശീലകൻ സ്കലോണി. അർജന്റീന ഈ മാസം കളിച്ച നാല് മത്സരങ്ങളിലും മുഴുവൻ സമയവും മെസ്സി കളിച്ചിട്ടുണ്ട്. കൂടാതെ നോക്കോട്ട് റൗണ്ട് മത്സരങ്ങളാണ് അർജന്റീനയെ കാത്തിരിക്കുന്നത്. അത്കൊണ്ട് തന്നെ മെസ്സിക്ക് വിശ്രമം അത്യാവശ്യമാണ് എന്നാണ് സ്കലോണി വിശ്വസിക്കുന്നത്.ഒരുപക്ഷെ പരാഗ്വക്കെതിരെയുള്ള മത്സരത്തിൽ ഇറക്കി ക്വാർട്ടറിന് മുന്നേയുള്ള ബൊളീവിയക്കെതിരെ മത്സരത്തിൽ താരത്തെ കളിപ്പിക്കാതിരിക്കാനാവും സ്കലോണിയുടെ പദ്ധതി. ഏതായാലും നിലവിൽ മെസ്സിക്ക് ഒരു വിശ്രമം അത്യാവശ്യമാണ് എന്ന് തന്നെയാണ് സ്കലോണിയുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *