മെസ്സിയെ എങ്ങനെ പൂട്ടും? രഹസ്യം വെളിപ്പെടുത്തി സൗദി പരിശീലകൻ!

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ തികച്ചും അപ്രതീക്ഷിതമായ ഒരു തോൽവി അർജന്റീനക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സൗദി അറേബ്യ അർജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സിക്ക് ആ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

ഇനി അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ മത്സരമാണ് അരങ്ങേറുക. സൗദി അറേബ്യയുടെ ഫ്രഞ്ച് പരിശീലകനായ ഹെർവ് റെനാഡിനോട് ഈയിടെ നടന്ന അഭിമുഖത്തിൽ മെസ്സിയെക്കുറിച്ച് ചോദിച്ചിരുന്നു. മെസ്സിയെ എങ്ങനെയാണ് പൂട്ടേണ്ടത് എന്നുള്ളതായിരുന്നു ചോദ്യം.ഇതിന് മറുപടിയായി കൊണ്ട് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.സൗദി അറേബ്യയുടെ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അദ്ദേഹത്തിലേക്ക് ബോൾ എത്തുന്നത് പരമാവധി തടയുക എന്നുള്ളതാണ് ചെയ്യേണ്ടത്. പ്രധാനമായും ലയണൽ മെസ്സിയിലേക്ക് പന്ത് എത്തിക്കുന്നത് റോഡ്രിഗോ ഡി പോളാണ്. അതുകൊണ്ടുതന്നെ റോഡ്രിഗോ ഡി പോളിനെ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.മെസ്സിയിലേക്ക് പന്ത് എത്തുന്നത് തടയാൻ വേണ്ടി ഞാൻ ഒരു മധ്യനിരതാരത്തെ ഏൽപ്പിച്ചിരുന്നു. അത് അദ്ദേഹം നല്ല രൂപത്തിൽ നിർവഹിക്കാത്തതു കൊണ്ടായിരുന്നു ആദ്യ പകുതിക്ക് ശേഷം ഡ്രസിങ് റൂമിൽ ഞാൻ ആ രൂപത്തിൽ സംസാരിച്ചിരുന്നത്. മാത്രമല്ല ഗോൾ പോസ്റ്റിൽ നിന്നും 35-40 മീറ്റർ അകലെ നിന്ന് മെസ്സിക്ക് ഫ്രീഡം നൽകാതിരിക്കുക. അതും പ്രധാനപ്പെട്ട ഒരു കാര്യമാണ് ” ഇതാണ് സൗദി അറേബ്യയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും സൗദി അറേബ്യക്ക് എതിരെയുള്ള ആ മത്സരത്തിനു ശേഷം മിന്നുന്ന പ്രകടനം ആണ് മെസ്സി വേൾഡ് കപ്പിൽ നടത്തിയിട്ടുള്ളത്. 5 ഗോളുകളും 3 അസിസ്റ്റുകളും ആണ് മെസ്സി ഈ വേൾഡ് കപ്പിൽ നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *