മെസ്സിയുടെ വാക്കുകൾ രോമാഞ്ചമുണ്ടാക്കി, ബ്രസീലിയൻ താരങ്ങൾ കരയട്ടെ : നിക്കോളാസ് ഗോൺസാലസ്!

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ കീഴടക്കി അർജന്റീന കിരീടം നേടിയതിന്റെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയ വഴി ഇരു ടീമിലേയും താരങ്ങൾ തമ്മിലുള്ള പോരുകൾ ഇപ്പോഴും തുടരുകയാണ്. ഏതായാലും കോപ്പ അമേരിക്ക കിരീടനേട്ടത്തെ കുറിച്ചും മെസ്സിയെ കുറിച്ചും ബ്രസീലിയൻ താരങ്ങളെ കുറിച്ചുമെല്ലാം തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുകയാണിപ്പോൾ അർജന്റൈൻ താരമായ നിക്കോളാസ് ഗോൺസാലസ്. ഫൈനലിന് മുന്നേയുള്ള മെസ്സിയുടെ വാക്കുകൾ രോമാഞ്ചമുണ്ടാക്കിയെന്നും ബ്രസീലിയൻ താരങ്ങളുടെ കരച്ചിൽ തുടരട്ടെ എന്നുമാണ് ഗോൺസാലസ് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മുണ്ടോ ആൽബിസെലസ്റ്റയാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

“ഫൈനലിന് മുന്നേ മെസ്സി ഞങ്ങളോട് പറഞ്ഞത്,ബ്രസീലിനെതിരെ മാരക്കാനയിൽ വെച്ച് കളിക്കുക എന്നുള്ളത് അത്ഭുതമാണ് എന്നാണ്.അത്പോലെ തന്നെ ആ കിരീടം അവിടെയുള്ളത് നമുക്ക് നേടാൻ വേണ്ടിയാണെന്നും മെസ്സി പറഞ്ഞു. ആ സമയത്ത് എനിക്കും എന്റെ ചുറ്റുമുള്ള സഹതാരങ്ങൾക്കും രോമാഞ്ചമുണ്ടാവുകയായിരുന്നു.മത്സരം അവസാനിച്ചപ്പോൾ എല്ലാവരും മെസ്സിയെ വാരിപ്പുണരാനാണ് ഓടിയത്. തീർച്ചയായും അത് അദ്ദേഹത്തിനുള്ളതായിരുന്നു ” ഇതാണ് ഗോൺസാലസ് മെസ്സിയെ കുറിച്ച് പറഞ്ഞത്.

അതേസമയം ഗോൺസാലസ് ബ്രസീലിയൻ താരങ്ങളെ പരിഹസിച്ചിട്ടുമുണ്ട്.” ഈ അവസ്ഥയിൽ ബ്രസീലുകാരോട് ഒന്നും പറയാൻ പറ്റില്ല.അവരെ വെറുതെ വിടൂ.അവർ കരഞ്ഞു കൊണ്ടേയിരിക്കട്ടെ.എമിലിയാനോ മാർട്ടിനെസിന്റെയും ഡി പോളിന്റെയും ചിത്രങ്ങൾ നല്ലതായിരുന്നു.അത് കണ്ട സമയത്ത് ഞാൻ ചിരിച്ചതിന് കയ്യും കണക്കുമില്ല.ബ്രസീലിയൻ താരങ്ങൾ എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ.കാരണം ഞങ്ങൾ കോപ്പ അമേരിക്ക ജേതാക്കളായതിന്റെ ആഘോഷത്തിലാണ് ” നിക്കോളാസ് പറഞ്ഞു. ഏതായാലും താരങ്ങളുടെ സോഷ്യൽ മീഡിയ വാർ ആരാധകർക്കിടയിലും വലിയ ആവേശമുണ്ടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *